'കുടുംബത്തിനുള്ളില്‍ ഞങ്ങള്‍ മാസ്‌ക് ധരിക്കാറില്ല'; പിന്നാലെ ദീപക് ചാഹറിന് കോവിഡ്

ഐ.പി.എല്‍ 13ാം സീസണിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരങ്ങളില്‍ രണ്ടു പേര്‍ക്കും ചില സ്റ്റാഫുകള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ പേസ് ബൗളര്‍ ദീപക് ചാഹറായിരുന്നു. മറ്റു ടീമുകളെല്ലാം വലിയ തോതില്‍ ജാഗ്രത പുലര്‍ത്തുമ്പോഴും, കോവിഡിനെതിരെ അലസ മനോഭാവമാണ് ചെന്നൈ താരങ്ങള്‍ സ്വീകരിച്ചത്. ഇതിനെ മുംബൈ ഇന്ത്യന്‍സ് താരവും ദീപക് ചാഹറിന്റെ ബന്ധുകൂടിയായ രാഹുല്‍ ചാഹര്‍ ചാദ്യം ചെയ്തതും, അതിന് താരം നല്‍കിയ മറുപടിയും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

ചെന്നൈയുടെ ടീം ക്യാമ്പില്‍നിന്നുള്ള ചിത്രങ്ങളില്‍ ഒന്നില്‍ ദീപക് ചാഹര്‍ മാസ്‌ക് ധരിക്കാത്തതിനെയും സാമൂഹിക അകലം പാലിക്കാത്തതിനെയും രാഹുല്‍ ചാഹര്‍ കമന്റിലൂടെ ചോദ്യം ചെയ്തിരുന്നു. ഇതിന് “എല്ലാവരെയും രണ്ടു തവണ പരിശോധിച്ചിട്ടും ഫലം നെഗറ്റീവാണ് ബ്രോ. പിന്നെ കുടുംബത്തിനുള്ളില്‍ ഞങ്ങള്‍ മാസ്‌ക് ധരിക്കാറില്ല” എന്നാണ് ദീപക് ചാഹര്‍ മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചതും.

കോവിഡിനെതിരെ മറ്റു ടീമുകളെല്ലാം കനത്ത ജാഗ്രത പുലര്‍ത്തുമ്പോള്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്ന ആക്ഷേപവുമായി മറ്റ് ടീമുകള്‍ രംഗത്ത് വന്നിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ ഒന്നാകെ യുഎഇയിലേക്ക് മാറ്റിയിട്ടും, ഹോട്സ്പോട്ടായ ചെന്നൈയില്‍ അഞ്ച് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത് ചെന്നൈയുടെ വന്‍വീഴ്ചയ്ക്ക് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു ടീമുകളെല്ലാം വലിയ തോതില്‍ ജാഗ്രത പുലര്‍ത്തിയപ്പോള്‍ ഫെയ്സ് മാസ്‌ക് പോലും ധരിക്കാതെയായിരുന്നു സൂപ്പര്‍ കിംഗ്സിന്റെ യു.എ.ഇ യാത്ര.

Image

സംഘത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെന്നൈ ക്വാറന്റൈന്‍ സെപ്റ്റംബര്‍ ഒന്നുവരെ നീട്ടി. ബി.സി.സി.ഐയുടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്നവര്‍ ഏഴു ദിവസം കൂടുതലായി ക്വാറന്റൈനില്‍ കഴിയണം. തുടര്‍ച്ചയായ പരിശോധനകളില്‍ ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഇവര്‍ക്ക് വീണ്ടും ബയോ സെക്യുര്‍ ബബ്‌ളിന്റെ ഭാഗമാകാനാകൂ.