പതിവ് തെറ്റിക്കാതെ നീലപ്പട; ജയത്തോടെ തുടങ്ങി സൂപ്പര്‍ കിംഗ്‌സ്

തോറ്റുകൊണ്ട് തുടങ്ങുക എന്ന മുംബൈ ഇന്ത്യന്‍സിന്റെ പതിവ് ഐ.പി.എല്‍ 13ാം സീസണിലും തെറ്റിയില്ല. ചെന്നൈയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മുംബൈയ്ക്ക് 5 വിക്കറ്റിന്റെ തോല്‍വി. മുംബൈ മുന്നോട്ടുവെച്ച 163 റണ്‍സിന്റെ വിജയലക്ഷ്യം 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. അമ്പാട്ടി റായുഡുവിന്റെയും ഫാഫ് ഡുപ്ലേസിയുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്.

റായിഡു-ഡുപ്ലേസി കൂട്ടുകെട്ട് 115 റണ്‍സാണ് അടിച്ചു കൂട്ടിയത്. റായിഡു 48 ബോളില്‍ 71 റണ്‍സ് നേടി (6 ഫോര്‍, 3 സിക്‌സ്) പുറത്തായി. ഡുപ്ലേസി പുറത്താകാതെ 44 ബോളില്‍ 58 റണ്‍സ് നേടി. ധോണി രണ്ട് ബോളില്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. വാട്‌സണ്‍ (4) മുരളി വിജയ് (1) ജഡേജ (10) സാം കറെന്‍ (18) എന്നിവരാണ് പുറത്തായ മറ്റ് ചെന്നൈ താരങ്ങള്‍. മുംബൈയ്ക്കായി ഭുംറ, ബോള്‍ട്ട്, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, പാറ്റിന്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Image

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്. മുംബൈയ്ക്കായി ഡികോക്ക് (20 പന്തില്‍ 33) സൗരഭ് തിവാരി (31 പന്തില്‍ 42) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നായകന്‍ രോഹിത്ത് ശര്‍മ്മ (12) സൂര്യകുമാര്‍ യാദവ് (17) ഹാര്‍ദ്ദിക് പാണ്ഡ്യ (14) ക്രുണാല്‍ പാണ്ഡ്യ (3) പൊള്ളാര്‍ഡ് (18) ജയിംസ് പാറ്റിന്‍സണ്‍ (11) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

Image

ചെന്നൈയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും ജഡേജ, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പിയൂഷ് ചൗള, സാം കറെന്‍, എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഫാഫ് ഡുപ്ലേസിയുടെ മികച്ച രണ്ട് ക്യാച്ചുകള്‍ക്കും മത്സരം സാക്ഷ്യം വഹിച്ചു.