ഒടുവില്‍ ഐ.പി.എല്‍ നടത്താന്‍ സാദ്ധ്യത തെളിയുന്നു, സന്തോഷവാര്‍ത്ത

കോവിഡ് 19-ന്റെ സാഹചര്യത്തില്‍ അനിശ്ചിതകാലത്തേയ്ക്ക് റദ്ദാക്കപ്പെട്ട ഐപിഎല്‍ നടത്താന്‍ സാദ്ധ്യത തെളിയുന്നു. ട്വന്റി20 ലോക കപ്പിന്റെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന് ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് യോഗമാണ് ഐപിഎല്ലിന് കൂടി വാതില്‍ തുറന്നിട്ടിരിക്കുന്നത്.

ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ ട്വന്റി20 ലോക കപ്പ് നടത്തുന്നതിനാണ് കൂടുതല്‍ അംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചത്. ഐസിസിയിലെ 12 അംഗങ്ങളും, മൂന്ന് അസോസിയേറ്റ് അംഗങ്ങളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ലോക കപ്പ് ഫെബ്രുവരിയിലേക്ക് നീക്കുകയാണ് എങ്കില്‍ ഒക്ടോബറില്‍ ഐപിഎല്‍ നടത്താനാവും.

ഇത് ട്വന്റി20 ലോക കപ്പിന് മുമ്പ് കളിക്കാര്‍ക്ക് മത്സര പരിചയം നേടാന്‍ സഹായിക്കുമെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടി.

2022-ലേക്ക് ലോക കപ്പ് മാറ്റിവെയ്ക്കുക, നിശ്ചിയിച്ച സമയത്ത് ലോക കപ്പ് നടത്തുക എന്ന വിഷയവും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. 2021-ലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കേണ്ടത്. ഇതിന്റെ കാര്യത്തിലും ഇനി വ്യക്തത വരേണ്ടതുണ്ട്.