ഇത്തവണത്തെ ഐ.പി.എല്‍ കിരീടം ആര്‍ക്ക്?; പ്രവചനവുമായി മുന്‍ ഓസീസ് താരം

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന 13-ാം ഐ.പി.എല്‍ സീസണ്‍ സെപ്റ്റംബര്‍ 19 ന് യു.എ.ഇയില്‍ ആരംഭിക്കാന്‍ തീരുമാനമായിരിക്കുകയാണ്. ഇതോടെ ടൂര്‍ണമെന്റിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും പ്രവചനങ്ങള്‍ക്കും കൊടിയേറിയിരിക്കുകയാണ്. ഇപ്പോഴിതാ ഇത്തവണത്തെ ഐ.പി.എല്‍ കിരീടം ആരു നേടുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസീസ് താരം ഡീന്‍ ജോണ്‍സ്. ഏറ്റവും നന്നായി സ്പിന്‍ ബോളിംഗിനെ നേരിടുന്നവരായിരിക്കും ഇത്തവണ ഐ.പി.എല്‍ കിരീടം ചൂടുക എന്നാണ് ജോണ്‍സിന്റെ അഭിപ്രായം.

“യു.എ.ഇയിലെ പിച്ചുകള്‍ സ്പിന്‍ ബൗളിംഗിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതാണ്. അതുകൊണ്ടു തന്നെ ഏറ്റവും നന്നായി സ്പിന്‍ ബൗളിംഗിനെ നേരിടുന്നവരായിരിക്കും ഇത്തവണ ഇത്തവണ ഐ.പി.എല്‍ കിരീടം ചൂടുക. ഒരുപാട് മല്‍സരങ്ങള്‍ നടന്നിട്ടുള്ള വേദിയായതിനാല്‍ തന്നെ യുഎഇയിലെ പിച്ചുകള്‍ക്കു വേഗം കുറവായിരിക്കും.”

Jones

“തുടക്കത്തില്‍ ബാറ്റിംഗിന് ഏറെ യോജിക്കുന്ന പിച്ചായിരിക്കും ഇവിടുത്തതേ്. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും പിച്ചിന്റെ വേഗം കുറഞ്ഞു വരും. ഗ്രൗണ്ടുകള്‍ അവയുടെ സ്വാഭാവിക വലിപ്പത്തില്‍ തന്നെ ഉപയോഗിക്കുന്നതാണ് ഉചിതം. അബുദാബിയിലേത് വളരെ വലിയ ഗ്രൗണ്ടാണ്. അത് ഏറെ സ്പിന്നര്‍മാരെ സഹായിക്കും. ബാറ്റ്സ്മാര്‍ക്ക് വിക്കറ്റിനിടയിലെ ഓട്ടത്തിലൂടെ കൂടുതല്‍ റണ്‍സ് നേടേണ്ടതായി വരും. അതേസമയം, ഷാര്‍ജയില്‍ ചെറിയ ഗ്രൗണ്ടായതിനാല്‍ തന്നെ മിസ് ഹിറ്റുകള്‍ പോലും സിക്സറായി മാറിയേക്കാം.” ഡീന്‍ ജോണ്‍സ് പറഞ്ഞു.

IPL 2020 in UAE - Overflowing benefits or severe drawbacks?

ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളാണ് ഐ.പി.എല്ലിന് വേദിയാകുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30-നാണ് മത്സരങ്ങള്‍. നവംബര്‍ 10-നാണ് ഫൈനല്‍. ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. രണ്ടാംഘട്ടത്തില്‍ 30 മുതല്‍ 50 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാന്‍ യു.എ.ഇ സര്‍ക്കാരിനോട് അനുമതി തേടും.