'ഉനദ്ഘട്ടിന്റെ ബോളുകള്‍ നേരിട്ടത് ഭയത്തോടെ'; തുറന്നുപറഞ്ഞ് ഡിവില്ലിയേഴ്‌സ്

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിജയം ആഘോഷിച്ചത് എബി ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിലൂടെയായിരുന്നു. രാജസ്ഥാന്‍ താരം ജയ്‌ദേവ് ഉനദ്ഘട്ട് എറിഞ്ഞ 19ാം ഓവറാണ് കളിയുടെ വഴിതിരിച്ചത്. ആ ഓവറില്‍ 25 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചെടുത്തത്. മൂന്ന് സിക്‌സും ഒരു ഫോറും എബി ആ ഓവറില്‍ അടിച്ചു. കളിയില്‍ നിര്‍ണായകമായേക്കാവുന്ന ആ ഓവര്‍ നേരിടുമ്പോള്‍ മനസില്‍ ഭയമായിരുന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്.

“19ാം ഓവറില്‍ ബാറ്റ് ചെയ്യവെ ഭയവും സമ്മര്‍ദ്ദവുമുണ്ടായിരുന്നു. ടീമിന് ജയിക്കണമെങ്കില്‍ ഈ ഓവറില്‍ കുറച്ച് സിക്സറുകള്‍ നേടിയേ തീരുവെന്ന വെല്ലുവിളി സമ്മര്‍ദ്ദത്തിലാക്കി. ഉനദ്ഘട്ടിനെതിരേ നേടിയ മൂന്നു സിക്സറുകളിലൊന്ന് സത്യത്തില്‍ ബാറ്റിന്റെ മധ്യത്തില്‍ പോലുമായിരുന്നില്ല കൊണ്ടത്.”

Image

“ഉനദ്ഘട്ട് ബൗള്‍ ചെയ്യുമ്പോള്‍ ലെഗ് സൈഡിലേക്കായിരുന്നു ഷോട്ടിനു ശ്രമിച്ചത്. സത്യസന്ധമായി പറഞ്ഞാല്‍ ഏറെ ഭയത്തോടെയായിരുന്നു ഈ ഓവറില്‍ ബാറ്റ് വീശിയത്. കാരണം സിക്സറുകള്‍ നേടിയേ തീരൂവെന്ന വെല്ലുവിളി മുന്നിലുണ്ടായിരുന്നു. ഭാഗ്യവശാല്‍ ചില ഷോട്ടുകള്‍ സിക്സറായി മാറി” മത്സരശേഷം ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Image

രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു. മത്സരത്തില്‍ 22 പന്തില്‍ 55 റണ്‍സെടുത്ത് ഡിവില്ലിയേഴ്‌സ് പുറത്താകാതെ നിന്നു. സീസണില്‍ ബാംഗ്ലൂരിന്റെ ആറാം വിജയവും രാജസ്ഥാന്റെ ആറാം തോല്‍വിയുമാണിത്.