ഐ.പി.എല്‍ 2020; ഇന്ന് കോഹ്‌ലി- വാര്‍ണര്‍ പോരാട്ടം

ഐ.പി.എല്‍ 13ാം സീസണിലെ മൂന്നാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 7.30 നാണ് മത്സരം. വിരാട് കോഹ്‌ലി ബാംഗ്ലൂരിനെ നയിക്കുമ്പോള്‍ ഡേവിഡ് വാര്‍ണര്‍ക്കാണ് ഡല്‍ഹിയുടെ കടിഞ്ഞാണ്‍.

താരസമ്പന്നമായ ഇരു ടീമും കരുത്തിലും തുല്യരാണെന്ന് പറയാം. എന്നാല്‍ ബോളിംഗിന് അനുകൂലമായ പിച്ചില്‍ വ്യക്തിഗത പ്രകടനങ്ങളാകും കളിഗതി നിര്‍ണയിക്കുക. പേരുകേട്ട മികച്ച ബാറ്റിംഗ് നിരയാണ് ബാംഗ്ലൂരിന്റെ പ്രധാന കരുത്ത്. കോഹ്ലിയും ഓസിസ് നായകന്‍ ആരോണ്‍ ഫിഞ്ചും ഓപ്പണര്‍മാരായി എത്തുമ്പോള്‍ മൂന്നാം നമ്പരില്‍ എബി ഡി വില്ലിയേഴ്‌സുണ്ടാകും.

Image

ക്രിസ് മോറിസ്, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ ബാറ്റുകൊണ്ടും ബോളു കൊണ്ടും എതിരാളികള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ കരുത്തുള്ളവരാണ്. പേസ് നിരയില്‍ ഡെയ്ല്‍ സ്റ്റെയിനാണ് ബാംഗ്ലൂരിന്റെ വജ്രായുധം. സ്‌റ്റെയിനൊപ്പം ഉമേഷ് യാദവ്, നവദീപ് സൈനി, മുഹമ്മദ് സിറാജ് എന്നീ ഇന്ത്യന്‍ പേസര്‍മാരും ടീമിന് കരുത്ത് പകരുന്നു. യുസ്വേന്ദ്ര ചഹാലിനാണ് സ്പിന്‍ ചുമതല.

Image

ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ എന്നിവരാണ് ഹൈദരാബാദിന്റെ ബാറ്റിംഗ് കരുത്ത്. വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍ എന്നിവരും ബാറ്റിംഗിലുണ്ട്.ഓള്‍റൗണ്ടര്‍മാരായി അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും റാഷിദ് ഖാനും ടീമിലുണ്ട്. റാഷിദ് ഖാനൊപ്പം ഷഹബാസ് നദീമാണ് സ്പിന്‍ കൈകാര്യം ചെയ്യുക. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ബേസില്‍ തമ്പി, ബില്ലി സ്റ്റാന്‍ലേക്ക്, ടി നടരാജ്, സന്ദീപ് ശര്‍മ, ഖലീല്‍ അഹ്മദ് തുടങ്ങിയവരടങ്ങിയതാണ് ഹൈദരാബാദിന്റെ പേസ് കരുത്ത്.

Image

കന്നികിരീടമാണ് ഇത്തവണയും കോഹ്ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. രണ്ടാം കിരീടം നോട്ടമിട്ടാണ് ഹൈദരാബാദിന്റെ ഇറക്കം. ഇതുവരെ 15 തവണ ഇരു ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 8 തവണയും ജയം ഹൈദരാബാദിനായിരുന്നു. ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞപ്പോള്‍ 6 മത്സരത്തില്‍ വിജയം ബാംഗ്ലൂരിനൊപ്പമായിരുന്നു.