നാടകീയനിമിഷങ്ങള്‍, ഒടുവില്‍ പൊട്ടിത്തെറിച്ച് ധോണി ഗ്രൗണ്ടിലേയ്ക്ക്

രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഐപിഎല്‍ ത്രില്ലറായിരുന്നു. അവസാന പന്ത് വരെ നീണ്ട ആവേശം സിക്‌സ് അടിച്ച് ജയിച്ച് അതിന്റെ ഉച്ചിയിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി.

മത്സരത്തില്‍ അവസാന ഓവര്‍ ചില നാടകീയ നിമിഷങ്ങള്‍ക്കും വേദിയായി. അവസാന ഓവറിലെ അമ്പയറുടെ മോശം തീരുമാനമാണ് ക്യാപ്റ്റന്‍ കൂളെന്ന് അറിയപ്പെടുന്ന എം എസ് ധോണിയെ പോലും ചൊടിപ്പിച്ചത്.

അവസാന ഓവറിലെ മൂന്നാം പന്തില്‍ ധോണിയെ പുറത്താക്കിയ ശേഷം ബെന്‍ സ്റ്റോക്സ് എറിഞ്ഞ നാലാം പന്ത് സ്ട്രെയ്റ്റ് അമ്പയര്‍ നോ ബോളെന്ന് സൂചിപ്പിക്കുകയും ഉടനെ ഫ്രീ ഹിറ്റ് ബസര്‍ മുഴങ്ങുകയും ചെയ്തു. എന്നാല്‍ ലെഗ് അമ്പയര്‍ നോ ബോള്‍ വിധിക്കാത്തത് ആശയക്കുഴപ്പത്തിനിടയാക്കുകയും ലീഗല്‍ ഡെലിവറിയായി കണക്കിലെടുക്കുകയും ചെന്നൈയ്ക്ക് ഫ്രീ ഹിറ്റ് നിഷേധിക്കുകയും ചെയ്തു.

തീരുമാനം അംഗീകരിക്കാന്‍ തയ്യാറാവാതെ ഗ്രൗണ്ടില്‍ ഇറങ്ങിയ ധോണി അമ്പയര്‍മാരുമായി തര്‍ക്കത്തിലായി. എന്നാല്‍ അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സിക്‌സ് പറത്തി മിച്ചല്‍ സാന്റ്‌നര്‍ ചെന്നൈയെ വിജയത്തിലെത്തിച്ചു. അമ്പയര്‍മാരുടെ മോശം തീരുമാനങ്ങള്‍ ഇതിനു മുമ്പുള്ള മത്സരങ്ങളിലും വിവാദമായിരുന്നു.