ആഷസിനും മേലെ ഇന്ത്യ-പാക് പോര്; പുനരാരംഭിക്കണമെന്ന് ഇന്‍സമാം

ആഷസിനേക്കാള്‍ ഏറെ ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ- പാക് പോരാട്ടമാണെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹഖ്. സീനിയര്‍ താരങ്ങളില്‍ നിന്നും യുവതലമുറയ്ക്കു പലതും പഠിക്കാന്‍ മുമ്പ് നടന്ന ഇന്ത്യ- പാക് പരമ്പരകള്‍ സഹായിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇവ പുനരാരംഭിക്കണമെന്നും ഇന്‍സമാം പറഞ്ഞു.

“ആഷസിനേക്കാള്‍ കൂടുതല്‍ പേര്‍ പിന്തുടരുന്നത് ഇന്ത്യ-പാകിസ്ഥാന്‍ പരമ്പരയാണ്. പരമ്പരയിലെ ഓരോ നിമിഷവും അവര്‍ ശരിക്കും ആസ്വദിക്കുന്നു. ക്രിക്കറ്റെന്ന ഗെയിം ഇനിയും മെച്ചപ്പെടുന്നതിനും കളിക്കാര്‍ക്കും വേണ്ടി ഏഷ്യാ കപ്പും ഇന്ത്യ- പാക് പരമ്പരയും നടക്കണമെന്നത് പ്രധാനമാണ്. അവിടെ നമുക്ക് പരസ്പരം ഏറ്റുമുട്ടാന്‍ കഴിയും. മഹത്തായ അനുഭവം തന്നെയാണിത്.”

15 facts about Inzamam-ul-Haq - Subtlety personified

“സീനിയര്‍ താരങ്ങളില്‍ നിന്നും യുവതലമുറയ്ക്കു പലതും പഠിക്കാന്‍ മുമ്പ് നടന്ന ഇന്ത്യ- പാക് പരമ്പരകള്‍ സഹായിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ജാവേദ് മിയാന്‍ദാദ് തുടങ്ങി ആരുമാവട്ടെ യുവതാരങ്ങള്‍ക്കു ഇവരെ സമീപിക്കാനും ഉപദേശങ്ങള്‍ തേടാനുമുള്ള അവസരമായിരുന്നു ഈ പരമ്പരകള്‍ നല്‍കിയിരുന്നത്. ഒരു താരത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയായിരുന്നു ഇത്” ഇന്‍സമാം പറഞ്ഞു.

2012-13ലായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അവസാനമായി ഒരു പരമ്പരയില്‍ ഏറ്റുമുട്ടിയത്. അന്നു പാകിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനം നടത്തുകയായിരുന്നു. അതിനു ശേഷം അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുടീമും നേര്‍ക്കുനേര്‍ വന്നത്.