അവിശ്വസനീയ നേട്ടവുമായി പാര്‍ത്ഥീവ് പട്ടേല്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ജഴ്‌സയില്‍ അരങ്ങേറിയതോടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥീവ് പട്ടേല്‍ സ്വന്തമാക്കിയത് അപൂര്‍വ്വ നേട്ടം. പാര്‍ത്ഥീവ് അവസാനമായി ഏഷ്യയ്ക്ക് പുറത്ത് കളിക്കുമ്പോള്‍ നിലവിലെ ടീം ഇന്ത്യയിലെ ഒരാള്‍ പോലും ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നുന്നില്ല എന്നതാണ് രസകരം.

2004ല്‍ ആണ് പാര്‍ത്ഥീവ് ഇന്ത്യയ്ക്കായി അവസാനമായി ഏഷ്യയ്ക്ക് പുറത്ത് കളിക്കുന്നത്. ന്റെ പത്തൊന്‍പതാം വയസില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയിലായിരുന്നു പാര്‍ത്ഥിവിന്റെ ഏഷ്യയ്ക്ക് പുറത്തുള്ള അവസാന ടെസ്റ്റ്. അന്ന് നായകന്‍ കോഹ്ലിയ്ക്ക് 15ഉം രോഹിത്തിന് 16ഉം എല്ലാമായിരുന്നു വയസ്സ്. വീണ്ടും 13 വര്‍ഷം കാത്തിരിക്കേണ്ടി വന്നു പാര്‍ത്ഥിവ് ഏഷ്യയ്ക്ക് പുറമെ മറ്റൊരു മത്സരം കളിക്കാന്‍.

അന്ന് ഓസ്‌ട്രേലിയക്കെതിരെ 50 പന്തില്‍ 62 റണ്‍സ് നേടി പാര്‍ത്ഥീവ് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. എന്നാല്‍ സച്ചിന്റെ ഇരട്ട സെഞ്ച്വറി മികവിലാണ് ആ മത്സരം ക്രിക്കറ്റ് ഓര്‍ക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി 16 വര്‍ഷത്തിനിടയ്ക്ക് 23 ടെസ്റ്റുകളും 38 ഏകദിനങ്ങളും മാത്രം കളിക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. ധോണിയേയും ദിനേഷ് കാര്‍ത്തിക്കിനേയും പോലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരുടെ വരവാണ് പാര്‍ത്ഥിവിന് ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. വീണ്ടും കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ പാര്‍ത്ഥീവ് അന്നും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.