സൂപ്പര്‍ താരത്തിന് പരിക്ക്, ടീം ഇന്ത്യയ്ക്ക് തിരിച്ചടി

ലോക കപ്പില്‍ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയെ ആശങ്കപ്പെടുത്തി ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക്. ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച ധവാന് ഇടത് കൈവിരലിന് പരിക്കേല്‍ക്കുകയായിരുന്നു.

ഇതുമൂലം ഫീല്‍ഡ് ചെയ്യാന്‍ കഴിയാതിരുന്ന ധവാന് പകരം രവീന്ദ്ര ജഡേജയായിരുന്നു ഫീല്‍ഡ് ചെയ്യാനെത്തിയത്. ബാറ്റ് ചെയ്യുന്നതിനിടെയാണ് ധവാന് പരിക്കേറ്റത്.

നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് ധവാന്റെ ഇടത് തള്ളവിരലില്‍ പതിക്കുകയായിരുന്നു. പിന്നീട് കടുത്ത വേദന സഹിച്ചു കൊണ്ടായിരുന്നു താരം ബാറ്റ് ചെയ്തത്. കോള്‍ട്ടര്‍ നൈലിന്റെ പന്ത് കൊണ്ട ധവാന്റെ വിരല്‍ മുഴച്ച് നില്‍ക്കുന്നതായാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.

ധവാനെ ഇന്ന് സ്‌കാനിംഗിന് വിധേയനാക്കും. സ്‌കാനിംഗ് ഫലം അനുസരിച്ചാകും പരിക്കിന്റെ ഗൗരവ സ്വഭാവം അറിയാന്‍ കഴിയൂ.

വ്യാഴാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂസിലന്‍ഡാണ് എതിരാളി. നേരത്തെ ലോക കപ്പിലെ ആദ്യ രണ്ട് മത്സരവും ഇന്ത്യ വിജയിച്ചിരുന്നു.