ബംഗളൂരുവിനെതിരെ ചൂതാട്ടത്തിനൊരുങ്ങി മുംബൈ; രൂക്ഷ വിമര്‍ശനം

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആവേശപ്പോരിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ ആര് ജയിക്കുമെന്നതിലാണ് ആരാധകര്‍ക്ക് ആകാംക്ഷ. ആദ്യ മത്സരത്തില്‍ തോറ്റ ഇരു ടീമകളും രണ്ടാം മത്സരത്തില്‍ ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.

അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ സ്റ്റാര്‍ ബോളര്‍ ജസ്പ്രീത് ബുംറ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈയ്ക്കായി ഇറങ്ങിയേക്കുമെന്നാണ് സൂചന. അടുത്ത മെയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബുംറയുടെ പരിക്കിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ മുംബൈ ഇന്ത്യന്‍സ് നേരത്തെ തയ്യാറായിരുന്നില്ല. എന്നാല്‍ പുതിയ  റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് താരം ഇന്ന് ഇറങ്ങുമെന്നാണ് സൂചന.

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച ബുംറയെ പരീക്ഷിക്കാനുള്ള മുംബൈ ഇന്ത്യന്‍സ് നീക്കത്തിനെതിരെ ആരാധകര്‍ രംഗത്തു വന്നു കഴിഞ്ഞു. പരിക്ക് പൂര്‍ണമായും ഭേദമാകാതെ കളിക്കാനിറങ്ങുന്ന കൂടുതല്‍ അപകടത്തിന് വഴിയൊരുക്കുമെന്നും അത് താരത്തിന് ലോകകപ്പ് നഷ്ടപ്പെടുത്തിയേക്കുമെന്നുള്ള ആശങ്കകളാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും മുംബൈ ഇന്ത്യന്‍സ് നടത്തിയിട്ടില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെട്ടാണ് ബംഗളൂരു എത്തുന്നത്. അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സിനോടായിരുന്നു മുംബൈ തോറ്റത്.

ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള മത്സരത്തിനിടെ ബുംറയുടെ തോളിനാണ് പരിക്കേറ്റിരുന്നത്. പരിക്ക് സാരമുള്ളതല്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ അനിശ്ചിതത്വം തുടരുകയാണ്.

ഇതുവരെ ഈ ടീമുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്ന 25 മത്സരങ്ങളില്‍ 16ഉം മുംബൈ ഇന്ത്യന്‍സിനായിരുന്നു ജയം. ഒന്‍പത് മത്സരങ്ങളില്‍ മാത്രമാണ് ബംഗളൂരുവിന് ജയിക്കാന്‍ സാധിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും മുംബൈ-ബംഗളൂരു മത്സരത്തിനുണ്ട്. വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സും രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും തമ്മില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം ഇരട്ടിയാകുമെന്ന് ആരാധകരും ഉറപ്പിക്കുന്നു.

സാധ്യതാ ടീം:

മുംബൈ ഇന്ത്യന്‍സ്-രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ടി കോക്ക്, സൂര്യകുമാര്‍ യാദവ്, യുവരാജ് സിങ്, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, മിച്ചല്‍ മക്ലെഗന്‍, ജസ്പ്രിത് ബുംറ, മായങ്ക് മാര്‍ക്കണ്ഡെ, ലസിത് മലിങ്ക.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- വിരാട് കോഹ്ലി, പാര്‍ഥിവ് പട്ടേല്‍, മോയിന്‍ അലി, എബി ഡിവില്ലിയേഴ്സ്, ഷിംറണ്‍ ഹെറ്റ്മെയര്‍, ഷിവം ദുബെ, കോളിന്‍ ഡെ ഗ്രാന്‍ഡൊം, വാഷിങ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ്, യുസ്വന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്.