പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍  വീണ്ടും അപകടം, ഡുപ്ലെസി ആശുപത്രിയില്‍

പി.എസ്.എല്‍ ടി20 ക്രിക്കറ്റ് മത്സരത്തിനിടെ പരുക്കേറ്റ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഫാഫ് ഡുപ്ലെസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫീല്‍ഡിംഗിനിടെ സഹതാരം മുഹമ്മദ് ഹസ്‌നൈനുമായി കൂട്ടിയിടിച്ചാണു താരത്തിന് പരിക്കേറ്റത്. പെഷവാര്‍ സാല്‍മിക്കെതിരായ മത്സരത്തിലാണ് ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായ ഡുപ്ലെസിക്ക് പരുക്കേറ്റത്.

ബൗണ്ടറി തടയാന്‍ ഡൈവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹസ്‌നൈനിന്റെ കാല്‍മുട്ട് ഡുപ്ലെസിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ബൗണ്ടറിക്ക് അരികില്‍ വീണ താരത്തെ ഉടന്‍ തന്നെ അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

രണ്ട് ദിവസത്തിനിടെ ഗ്ലാഡിയേറ്റേഴ്‌സിന്റെ രണ്ടാമത്തെ വിദേശ താരത്തെയാണ് പരുക്കേറ്റ് ആശുപത്രിയിലേക്കു മാറ്റുന്നത്. കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദ് യുണൈറ്റഡിനെതിരായ മത്സരത്തിനിടെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ പതിച്ചതിനെ തുടര്‍ന്ന് ഗ്ലാഡിയേറ്റേഴ്‌സിന്റെ വെസ്റ്റിന്‍ഡീസ് താരം ആന്ദ്രെ റസ്സലിനെ കണ്‍കഷന്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിലാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടക്കുന്നത്. പാകിസ്ഥാനില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ത്തിവച്ച മത്സരങ്ങള്‍ പിന്നീട് യു.എ.ഇയിലേക്കു മാറ്റുകയായിരുന്നു. ഈ മാസം 9 നാണ് മത്സരങ്ങള്‍ പുനരാരംഭിച്ചത്.