ഇന്ത്യ പുറത്തായതോടെ ലോക കപ്പിന് വന്‍ തിരിച്ചടി

ലോക കപ്പ് സെമിയില്‍ ഇന്ത്യ പുറത്തായതോടെ പ്രതിസന്ധിയിലായത് ലോക കപ്പ് സംഘാടകര്‍ തന്നെ. ഇന്ത്യ പുറത്തായതോടെ ലോക കപ്പ് ക്രിക്കറ്റ് ടെലിവിഷന്‍ സംപ്രേഷണത്തിന്റെ കാഴ്ചക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ഞായറാഴ്ച ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനല്‍ കാണുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറയാനിടയുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യ പുറത്തായത് കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാക്കിയെന്ന് ലോക കപ്പ് സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ സ്പോര്‍ട്സ് അറിയിച്ചു. ഞായറാഴ്ചയിലെ ഫൈനലിലെ കാഴ്ചക്കാര്‍ പകുതിയോ മൂന്നിലൊന്നായോ കുറയാനിടയുണ്ടെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

അതേസമയം കാണാന്‍ ആളു കുറയുമെങ്കിലും വരുമാനത്തെ കാര്യമായി ബാധിക്കില്ല. അഞ്ചോ, ആറോ ശതമാനം പരസ്യ വരുമാനം ഇടിയാനെ സാധ്യതയുളളു. ഫൈനലിന് മുമ്പേ  തന്നെ പരസ്യങ്ങള്‍ സ്വീകരിച്ചതാണ് സ്റ്റാര്‍ സ്‌പോട്‌സിന് അനുഗ്രഹമായത്. ലോക കപ്പിന് മൊത്തമായി പരസ്യ പാക്കേജുകള്‍ അവതരിപ്പിച്ചതും അവര്‍ക്ക് തുണയായി.

സെമിയില്‍ ന്യൂസിലന്‍ഡിനോട് അപ്രതീക്ഷിതമായി തോറ്റാണ് ഇന്ത്യ ലോക കപ്പില്‍ നിന്ന് പുറത്തായത്. ഓസ്ട്രേസിയയെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയ ആതിഥേയരായ ഇംഗ്ലണ്ടാണ് കിവീസിന്റെ എതിരാളികള്‍.