ഇന്ത്യന്‍ ടീമിലേക്ക് രണ്ട് പുതുമുഖ താരങ്ങള്‍?

ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് പുതുമുഖ താരങ്ങള്‍ ഉള്‍പ്പെട്ടേയ്ക്കും എന്ന് സൂചന. തമിഴ്നാട് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും ഡല്‍ഹി താരം നിതീഷ് റാണയും ആണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തകര്‍പ്പന്‍ ഫോമാണ് ഇരുവരുടേയും സാധ്യത വര്‍ധിപ്പിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന യോയോ ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദര്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇതും താരത്തിന് ടീം ഇന്ത്യയിലേക്കുളള സാധ്യത വര്‍ധിപ്പിക്കുന്നു.

രഞ്ജിട്രോഫിയില്‍ ഡല്‍ഹിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് റാണയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഈ വര്‍ഷമാദ്യമാണ് ഓസ്ട്രേലിയയ്ക്കെതിരായ പരിശീലന മത്സരത്തില്‍ ബോര്‍ഡ് ഇലവന് വേണ്ടി നിതീഷും സുന്ദറും കളിച്ചിരുന്നു.

കഴിഞ്ഞ ഐ.പി.എല്ലില്‍ റൈസിംങ് പൂണൈയുടെ താരമായിരുന്നു സുന്ദര്‍. റാണ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ് കളിച്ചത്.