ഇന്ത്യന്‍ സൂപ്പര്‍ താരം ദക്ഷിണാഫ്രിക്കന്‍ ലീഗിലേക്ക്, ആ വലിയ സിഗ്നല്‍ കാത്ത് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് സൗത്താഫ്രിക്ക ടി20 ലീഗില്‍ ഒരു ടീമിനെ സ്വന്തമാക്കിയിരിക്കുന്നത് ഐപിഎല്‍ വമ്പന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ടീമിന് ജോഹന്നാസ്ബര്‍ഗ് സൂപ്പര്‍ കിംഗ്‌സ് എന്ന് പേര് നല്‍കാനാണ് സാധ്യത. പുതിയ ഫ്രാഞ്ചൈസിയിലേക്ക് സിഎസ്‌കെയില് നിന്നുള്ള ശക്തി കേന്ദ്രങ്ങളെ പറിച്ചുനടാന്‍ അധികൃതര്‍ നീക്കംതുടങ്ങി.

സ്റ്റീഫന്‍ ഫ്‌ലെമിംഗിനെ പരിശീലകനായും എംഎസ് ധോണിയെ ഉപദേശകനായുമായി എത്തിക്കാനുമാണ് ശ്രമം നടക്കുന്നത്. എന്നാല്‍ ഇതില്‍ രണ്ടാമത്തേത് സംഭവിക്കണമെങ്കില്‍ ബിസിസിഐ പച്ചക്കൊടി കാണിക്കേണ്ടതുണ്ട്.

‘ബിസിസിഐയുടെ അനുമതിയെ ആശ്രയിച്ചിരിക്കും ധോണിയുടെ ഇടപെടല്‍. അദ്ദേഹം കളിക്കില്ല, പക്ഷേ ബിസിസിഐ അനുവദിച്ചാല്‍ എന്തെങ്കിലും റോളില്‍ അദ്ദേഹം പങ്കെടുക്കും’ ഒരു സിഎസ്‌കെ ഒഫീഷ്യല്‍ പ്രതികരിച്ചു.

ടീമിന്റെ ഔദ്യോഗിക പേര് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് സിഎസ്‌കെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പേര് ഔദ്യോഗികമായി അനാച്ഛാദനം ചെയ്തതിന് ശേഷം മാത്രമേ ഫ്രാഞ്ചൈസി പരിശീലകരെയും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫിലെ അംഗങ്ങളെയും പ്രഖ്യാപിക്കുകയുള്ളൂ. പുതിയ ഫ്രാഞ്ചൈസിയിലും ചെന്നൈയുടെ ഐപിഎല്‍ അഭിരുചി പ്രതീക്ഷിക്കാം.