'ഫ്രാഞ്ചൈസി കിരീടങ്ങളില്‍ കാര്യമില്ല', ഹിറ്റ്മാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ ഇതിഹാസം

ഫ്രാഞ്ചൈസി കിരീടങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ വിജയം ഉറപ്പു വരുത്തില്ലെന്ന്, രോഹിത് ശര്‍മ്മയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇതിഹാസ ബാറ്റര്‍ സുനില്‍ ഗവാസ്‌കര്‍. എങ്കിലും രോഹിത്തിന്റെ നായക സ്ഥാനലബ്ധിയോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുയുഗത്തിന് തുടക്കമായതായി ഗവാസ്‌കര്‍ വിലയിരുത്തി. ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ്മയെ നിയോഗിച്ച പശ്ചാത്തലത്തിലാണ് ഗവാസ്‌കറിന്റെ പ്രതികരണം.

ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ രോഹിത് പൂര്‍ണസജ്ജനാണ്. രോഹിതിന് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുയുഗത്തിന്റെ തുടക്കമാണിത്. സാധാരണയായി, ടീമിനൊപ്പമേ ക്യാപ്റ്റനും മികവിലേക്ക് ഉയരാന്‍ സാധിക്കൂ. രോഹിത് അഞ്ച് ഐപിഎല്‍ ട്രോഫികള്‍ നേടിയിട്ടുണ്ടെന്ന് അറിയാം. എന്നാല്‍ ഫ്രാഞ്ചൈസി, സ്റ്റേറ്റ് ടീമുകളെ നയിക്കുന്നതുപോലെയല്ല ദേശീയ ടീമിന്റെ ക്യാപ്റ്റന്‍സി കൈയാളുന്നത്- ഗവാസ്‌കര്‍ പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ ഒരു താരം അന്താരാഷ്ട്ര തലത്തില്‍ മഹനായ കളിക്കാരന്‍ ആയി മാറണമെന്നില്ല. ക്യാപ്റ്റന്റെ കാര്യത്തിലും അങ്ങനെ തന്നെ. സംസ്ഥാന, ഫ്രാഞ്ചൈസി ടീമുകള്‍ക്കൊപ്പം എത്ര കിരീടങ്ങള്‍ നേടിയെന്നതില്‍ അര്‍ത്ഥമില്ല. അത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിജയം ഉറപ്പാക്കുന്നില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.