ഇന്ത്യയില്‍ ആ മത്സരത്തില്‍ മാത്രം നടന്നത് 225 കോടിയുടെ വാതുവെപ്പ്, ഞെട്ടി ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് മത്സരങ്ങളില്‍ നടക്കുന്ന വാതുവെപ്പിന്റെ വലിപ്പം വെളിവാക്കുന്ന അന്വേഷണ വിവരം പുറത്ത്. കഴിഞ്ഞ സീസണില്‍ തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഒരു മത്സരത്തില്‍ മാത്രം 225 കോടി രൂപയുടെ ബെറ്റിങ് നടന്നതായാണ് കണ്ടെത്തല്‍. ബിസിസിഐയുടെ അഴിമതിവിരുദ്ധ യൂണിറ്റ് ആണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര ബെറ്റിങ് ഏജന്‍സിയായ ബെറ്റ്ഫെയറിലൂടെയാണ് ഇത്രയും പണം കൈമാറ്റം ചെയ്യപ്പെട്ടത്. ടുട്ടി പാട്രിയോട്സും മധുരൈ പാന്തേഴ്സും തമ്മിലുള്ള മത്സരത്തിലായിരുന്നു വാതുവെപ്പ്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ബിസിസിഐയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

കര്‍ണാടക പ്രീമിയര്‍ ലീഗിലും വാതുവെപ്പ് സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് രഞ്ജി താരങ്ങളടക്കം ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വാതുവെപ്പ് വ്യാപകമായതോടെ കര്‍ണാടക, തമിഴ്നാട് പ്രീമിയര്‍ ലീഗുകള്‍ അടുത്ത സീസണില്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്.

ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റ് വാതുവെപ്പ് പരിശോധിച്ചുവരികയാണെന്നും വാതുവെപ്പ് നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.