ആ വാര്‍ത്താസമ്മേളനം നടക്കും, രോഹിത്ത് - കോഹ്ലി പോര് വഴിത്തിരിവില്‍?

ലോക കപ്പ് തിരിച്ചടിയ്ക്ക് ശേഷം ഇന്ത്യ ആദ്യ പര്യടനത്തിനായി ഇന്ന് യാത്ര തിരിക്കും. ഇന്ന് രാത്രിയാണ് ടീം ഇന്ത്യ വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ഫ്‌ളോറിഡയിലേക്ക് പോകുക.

അതെസമയം ടീമില്‍ പടലപ്പിണക്കങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ വിന്‍ഡീസിലേക്ക് തിരിക്കും മുമ്പ് നായകന്‍ വിരാട് കോഹ്ലി ഇന്ത്യയില്‍ വാര്‍ത്താസമ്മേളനം നടത്തും. രോഹിത് ശര്‍മ്മയുമായി ഭിന്നതയില്ലെന്ന സൂചനകള്‍ക്കിടെ വൈകിട്ട് ആറിനാണ് കോഹ്ലിയുടെ നിര്‍ണായക വാര്‍ത്താസമ്മേളനം നടക്കുക.

അസുഖകരമായ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനായി പര്യടനത്തിന് മുമ്പുള്ള പതിവ് വാര്‍ത്താസമ്മേളനം ഇന്ത്യന്‍ നായകന്‍ ഉപേക്ഷിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനം നടക്കുമെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴുവനും ഈ വാര്‍ത്താസമ്മേളനത്തിലേക്കാകും പതിയുക.

ശനിയാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് വിന്‍ഡീസിനെതിരെ ഇന്ത്യയുടെ ആദ്യ ടി-20. മൂന്ന് ടി-20യ്ക്ക് പുറമെ മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റും ഇന്ത്യ കളിക്കും.