ജയിച്ച് ജയിച്ച് ഇന്ത്യന്‍ പുരുഷ ടീം, കൈവിട്ട കളിയുമായി വനിതാ ടീം

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ പുരുഷ ടീം ഇരട്ട തൂത്തുവാരലുകള്‍ നടത്തിയ പടയോട്ടം തുടരുമ്പോള്‍ വനിതാ ടീം തുടര്‍ച്ചായയി പരാജയങ്ങള്‍ ഏറ്റുവാങ്ങി വൈറ്റ് വാഷ് ഭീഷണിയില്‍. ന്യൂസിലാന്‍ഡിനെതിരായി നടന്ന നാലാം ഏകദിനത്തിലും ഇന്ത്യ തോറ്റു. നാലാം മത്സരത്തില്‍ 63 റണ്‍സിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്.

മഴയേതുടര്‍ന്ന് 20 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് മുമ്പില്‍ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ വനിതകളുടെ പോരാട്ടം വെറും 128 റണ്‍സില്‍ അവസാനിച്ചു. 17.5 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ടായി.

ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത് മൂന്നു പേര്‍ മാത്രമാണ്. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 52 റണ്‍സോടെ പൊരുതി നോക്കിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ക്യാപ്റ്റന്‍ മിതാലി (30), സ്മൃതി മന്ദന (13) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നാലില്‍ നാലും തോറ്റ ഇന്ത്യ വൈറ്റ് വാഷ് ഭീഷണിയുടെ വക്കിലാണ്. ഏകദിന പോരാട്ടത്തിന് മുന്‍പ് കളിച്ച ടി20 മത്സരവും ഇന്ത്യ തോറ്റിരുന്നു. അഞ്ചാം മത്സരത്തിലും തോല്‍വി നേരിട്ടാല്‍ ഒരു വിജയം പോലും ഇല്ലാതെ മടങ്ങേണ്ടി വരുമെന്ന നാണക്കേടും ഇന്ത്യന്‍ വനിതകളെ കാത്തിരിക്കുകയാണ്.