രഹാനയുടെ കാര്യത്തില്‍ എടുത്തുചാടി തീരുമാനമെടുക്കില്ല: കോഹ്ലി

മോശം ഫോമിനെ തുടര്‍ന്ന് ഏറെ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഉപനായകന്‍ അജിക്യ രഹാനയ്ക്ക് സ്വാന്തനവുമായി നായകന്‍ വിരാട് കോഹ്ലി. രഹാന ടെസ്റ്റ് ടീമിന്റെ അവിഭാജ്യഘടകമാണെന്നാണ് കോഹ്ലി  പറയുന്നത്. അതെസമയം ഏകദിന ടീമില്‍ രഹാനയെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് പ്രതികരിക്കാന്‍ കോഹ്ലി തയ്യാറായില്ല.

‘ജിങ്ക്‌സ് (രഹാന) ഞങ്ങളുടെ ടീമിലെ അവിഭാജ്യ ഘടകമാണ്. മത്സരം വായിച്ചെടുക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അസാമാന്യമാണെന്നും, സമ്മര്‍ദ്ദഘട്ടങ്ങളെ നേരിടുന്നതില്‍ അദ്ദേഹത്തിന് വലിയ മികവുണ്ട്’ കോഹ്ലി പറയുന്നു.

ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹം ടീമിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. ഫീല്‍ഡിംഗില്‍ സ്ലിപ്പ് ക്യാച്ചിംഗില്‍ രഹാന ഏറെ മികവ് പുലര്‍ത്തുന്നു. എനിക്ക് തോന്നുന്നു സമ്മര്‍ദ്ദഘട്ടങ്ങളിലാണ് അദ്ദേഹം കൂടുതല്‍ മികവ് കാട്ടുന്നത്. രഹാനയുടെ കാര്യത്തില്‍ അതിനാല്‍ എടുത്തുചാടി തീരുമാനമെടുക്കില്ല’ കോഹ്ലി പറഞ്ഞു.

അതെസമയം കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോമിലൂടെയാണ് രഹാന കടന്ന് പോകുന്നത്. ഐ.പി.എല്‍ അവസാനിച്ചതിന് പിന്നാലെ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയെങ്കിലും എടുത്തുപറയത്തക്ക പ്രകടനമൊന്നും രഹാനയ്ക്ക് കാഴ്ച്ചവെയ്ക്കാനായില്ല. ഇതിനിടെ ഇന്ത്യയുടെ ലോക കപ്പ് ടീമില്‍ നിന്നും രഹാന പുറത്താകുകയും ചെയ്തു.

രഹാനയ്ക്ക് ഇന്ത്യന്‍ ടീമില്‍ തുടരണമെങ്കില്‍ വെസ്റ്റിന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ വിജയിപ്പിച്ച പ്രകടനമാണ് രഹാനയ്ക്ക് ഇന്ത്യന്‍ ടീമില്‍ തുടരാന്‍ അവസരമൊരുക്കി കൊടുത്തത്.