ഇരട്ട സെഞ്ച്വറിയിലേക്ക് കോഹ്ലി, ടീം ഇന്ത്യ കുതിക്കുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും ഇന്ത്യ അഞ്ഞൂറ് റണ്‍സിനോടടുക്കുന്നു. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പിന്നാലെ നായകന്‍ വിരാട് കോഹ്ലി കൂടി സെഞ്ച്വറി നേടിയതോടെയാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ടാം ദിവസം ഇന്ത്യ നാല് വിക്കറ്റിന് 462 റണ്‍സ് എന്ന നിലയിലാണ്.

ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുന്ന കോഹ്ലിയുടെ തോളിലേറിയാണ് ഇന്ത്യയുടെ കുതിപ്പ്. 279 പന്തില്‍ 28 ബൗണ്ടറി സഹിതം 189 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ് കോഹ്ലി. 19 റണ്‍സുമായി രവീന്ദ്ര ജഡേജയാണ് കോഹ്ലിയ്ക്ക് കൂട്ടായി ക്രീസില്‍.

അര്‍ദ്ധ സെഞ്ച്വറിയുമായി രഹാനയുടെ (59) വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആകെ നഷ്ടമായത്. നേരത്തെ ആദ്യ ദിവസം ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായത്. 14 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാതെ പോയത്. മായങ്ക് അഗര്‍വാള്‍ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി തികച്ചു. 195 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും സഹിതം 108 റണ്‍സാണ് അഗര്‍വാള്‍ സ്വന്തമാക്കിയത്.

പൂജാര 58 റണ്‍സും എടുത്തു. 112 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് പൂജാരയുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റും വീഴ്ത്തിയത് കഗിസോ റബാഡയാണ്.

രണ്ട് ടീമുകളിലും ഓരോ മാറ്റം വീതമാണുള്ളത്. ടീം ഇന്ത്യ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഡാനെ പിഡെറ്റിന് പകരം ആന്റിച്ച് നോര്‍ജെയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരത്തില്‍ ജയിച്ചാല്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ മിന്നും വിജയമാണ് ടീം ഇന്ത്യ സംഘവും പിടിച്ചെടുത്തത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് കാട്ടിയ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങളെ കശക്കിയെറിയുകയായിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ എന്ന നിലയിലുള്ള കോഹ്ലിയുടെ 50-ാമത്തെ മത്സരം എന്ന പ്രത്യേകതയും രണ്ടാം ടെസ്റ്റിനുണ്ട്. ഇതുവരെ 49 മത്സരങ്ങളില്‍ നിന്ന് 29 വിജയങ്ങള്‍ സ്വന്തമാക്കാന്‍ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ വിജയം ആവര്‍ത്തിച്ചാല്‍ നാട്ടില്‍ തുടര്‍ച്ചയായ 11-ാം പരമ്പര വിജയവും ഇന്ത്യക്ക് ആഘോഷിക്കാം