'വെള്ളം വീഞ്ഞാക്കി' രോഹിത്ത്, സൂപ്പര്‍ ഓവറില്‍ അവിശ്വസനീയ ജയം, ഇന്ത്യയ്ക്ക് പരമ്പര

ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യിലും ഇന്ത്യയ്ക്ക് ജയം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ 18 റണ്‍സാണ് വിജയലക്ഷ്യമായി  കിവീസ് ഉയര്‍ത്തിയത്. എന്നാല്‍ ആദ്യ നാല് പന്തില്‍ എട്ട് റണ്‍സ് മാത്രം നേടിയ ടീം ഇന്ത്യയ്ക്കായി അവസാന രണ്ട് പന്തുകളും സിക്‌സ് നേടി രോഹിത്ത്  അവിശ്വസനീയ ജയം പിടിച്ചെടുക്കുകയായിരുന്നു.

വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0 ത്തിന് സ്വന്തമാക്കി. ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് പരമ്പരയില്‍ അവശേഷിക്കുന്നത്.

നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ അഞ്ച് വിക്കറ്റിന് 179 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡും ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സുമായി മത്സരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ന്യൂസിലന്‍ഡ് ജയമുറപ്പിച്ച മത്സരം സൂപ്പര്‍ ഓപ്പറിലേക്ക് നീങ്ങിയത്. അവസാന ഓവറില്‍ ഒന്‍പത് റണ്‍സായിരുന്നു ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത്. ഷമി എറിഞ്ഞ ആദ്യ പന്തില്‍ റോസ് ടെയ്‌ലര്‍ സിക്‌സ് അടിയ്ക്കുകയും രണ്ടാം പന്തില്‍ സിംഗിള്‍ നേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കളി തിരിഞ്ഞത്.

അടുത്ത പന്തില്‍ സെഞ്ച്വറി പ്രതീക്ഷിച്ച് ഷോട്ടുതിര്‍ത്ത വില്യംസണ്‍ വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈകളില്‍ ഒതുങ്ങി. അടുത്ത രണ്ട് പന്തുകളിലും വിക്കറ്റ് കീപ്പര്‍ സെയ്ഫര്‍ക്ക് റണ്‍സെടുക്കാനായില്ല. ഇതോടെ രണ്ട് പന്തില്‍ രണ്ട് റണ്‍സ് എന്ന നിലയിലായി കിവീസിന്റെ വിജയലക്ഷ്യം. അഞ്ചാമത്തെ പന്തില്‍ രാഹുലിന്റെ പിഴവില്‍ ന്യൂസിലന്‍ഡിന് ഒരു റണ്‍സ് എക്ട്രാ റണ്‍സ് ലഭിച്ചു. ഇതോടെ അവസാന പന്തില്‍ കിവീസിന് ജയിക്കാന്‍ വെറും ഒരു റണ്‍സ് മതിയെന്നായി. എന്നാല്‍ റോസ് ടെയ്‌ലര്‍ റണ്‍സ് നേടാന്‍ ശ്രമിയ്ക്കുന്നതിനിടെ ബോള്‍ഡാകുകയായിരുന്നു. ഇതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.

കിവീസിനായി നായകന്‍ വില്യംസണ്‍ ഒറ്റയാള്‍ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. വില്യംസണ്‍ 48 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 95 റണ്‍സാണ് എടുത്തത്. ഗുപ്റ്റില്‍ 21 പന്തില്‍ 31 റണ്‍സും ടെയ്‌ലര്‍ 10 പന്തില്‍ 17 റണ്‍സും എടുത്തു. .

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് എടുത്തത്. അര്‍ദ്ധ സെഞ്ച്വറിയുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത രോഹിത്തിന്റെ മികവിലാണ് ഇന്ത്യ തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ രോഹിത്തും രാഹുലും കൂടി 8.6 ഓവറില്‍ 89 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് അതേ തോതില്‍ റണ്‍നിരയ്ക്ക് ഉയര്‍ത്താനാകാതെ വന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ 179-ല്‍ ഒതുങ്ങുകയായിരുന്നു.

ഇന്ത്യയ്ക്കായി രോഹിത്ത് 40 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 65 റണ്‍സാണ് എടുത്തത്. രാഹുല്‍ 19 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമായി 27 റണ്‍സും കോഹ്ലി 27 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമായി 38 റണ്‍സും സ്വന്തമാക്കി. ശിവം ദുബെ മൂന്നും ശ്രേയസ് അയ്യര്‍ 17 റണ്‍സെടുത്ത് പുറത്തായി.

മനീഷ് പാണ്ഡ്യ 15ഉം ജഡേജ മൂന്നും റണ്‍സുമായി പുറത്താകാതെ നിന്നു. കിവീസിനായി ബെന്നെത്ത് നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷ് സോദിയും ഗ്രാന്‍ഡ് ഹോമുമാണ് അവശേഷിച്ച ഓരോ വിക്കറ്റും സ്വന്തമാക്കിയത്.