ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം മുടങ്ങിയേക്കും

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം മുടങ്ങാന്‍ സാദ്ധ്യത മത്സരം നടക്കുന്ന ഗയാനയില്‍ കുടത്ത മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനമാണ് ക്രിക്കറ്റ് ലോകത്തിന് ആശങ്ക സൃഷ്ടിക്കുന്നത്. കാലാവസ്ഥ പ്രവചനപ്രകാരം മഴ പെയ്താല്‍ മത്സരം ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടാകില്ല.

ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടാനൊരുങ്ങുന്നത്. ടി20യില്‍ യുവതാരങ്ങളുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് മത്സരവും അനായാസം വിജയിക്കുകയായിരുന്നു.

അതെസമയം ടി20-യില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ കരുത്തോടെയാണ് വെസ്റ്റിന്‍ഡീസ് ഇന്ത്യയെ നേരിടാനെത്തുന്നത്. ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിനെ നയിക്കുന്നത്. ഓപ്പണിംഗില്‍ ക്രിസ് ഗെയില്‍ തിരിച്ചെത്തിയേക്കും. ഇന്ത്യയ്ക്കെതിരായ പരമ്പരയോടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് ഗെയില്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ തന്നെ രണ്ടും കല്‍പിച്ചാണ് ഗെയില്‍ ഈ മത്സരത്തിനിറങ്ങുക.

സഹഓപ്പണറായി എവിന്‍ ലൂയിസ്, യുവതാരം ജോണ്‍ കാംപ്‌ബെല്‍ എന്നിവര്‍ തമ്മിലാണ് പോരാട്ടം. റോസ്റ്റണ്‍ ചേസായിരിക്കും ടീമിലെ ഏക സ്പിന്നര്‍.