പൂജാര, അശ്വിന്‍, രഹാനെ, ഭുംറ തിരിച്ചെത്തി, രണ്ടും കല്‍പിച്ച് ടീം ഇന്ത്യ

യുവതാരങ്ങള്‍ നിറഞ്ഞ ടി20, ഏകദിന പരമ്പരകള്‍ അവസാനിച്ചതോടെ ടെസ്റ്റ് പരമ്പരയ്ക്കായി ടീം ഇന്ത്യയിലേക്ക് സൂപ്പര്‍ താരങ്ങള്‍ മടങ്ങിയെത്തി. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ ചേതേശ്വര്‍ പൂജാര, അജിക്യ രഹാനെ, ഏകദിന, ടി20 പരമ്പരകളില്‍ വിശ്രമം അനുവദിക്കപ്പെട്ട ജസ്പ്രിത് ഭുംറ തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. കൂടാതെ ആര്‍ അശ്വിനും ടീം ഇന്ത്യയിലുണ്ടാകും.

ടി20, ഏകദിന പരമ്പരകളിലെ സമ്പൂര്‍ണ വിജയത്തിനുശേഷം വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങാന്‍ ഇന്ത്യ സന്നാഹ മത്സരവും കളിക്കുന്നുണ്ട്. വെസ്റ്റിന്‍ഡീസ് ബോര്‍ഡ് പ്രസിഡന്റ് ഇലവനെതിരെ ഇന്ത്യ ഇന്ന് ത്രിദിന സന്നാഹ മല്‍സരത്തിന് ഇറങ്ങും.

രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആഷസ് പരമ്പരയോടെ തുടക്കമായ ടെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം കൂടിയാണ് വിന്‍ഡീസിനെതിരെ 22ന് ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ്.

ആറു മാസത്തിലധികം നീളുന്ന ഇടവേളയ്ക്കു ശേഷമാണ് ചേതേശ്വര്‍ പൂജാര ഉള്‍പ്പെടെയുള്ളവര്‍ രാജ്യാന്തര മല്‍സരത്തിന് ഇറങ്ങുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും സമ്പൂര്‍ണ മികവ് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ലാത്ത രഹാനെയ്ക്കും പരമ്പര നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ച ഒരുക്കമാകും സന്നാഹ മല്‍സരത്തിലൂടെ രഹാനെ ലക്ഷ്യമിടുന്നത്.

Read more

ലോക കപ്പിനുശേഷം വിശ്രമത്തിനായി ദീര്‍ഘനാള്‍ ലഭിച്ച ഭുംറയും, തിരിച്ചുവരവ് ഉജ്വലമാക്കാനുള്ള ശ്രമത്തിലാണ്. ട്വന്റി20, ഏകദിന ടീമുകളിലുണ്ടായിരുന്ന താരങ്ങളെ സംബന്ധിച്ച് ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍നിന്ന് ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മാറാനുള്ള സുവര്‍ണാവസരമാണ് പരിശീലന മല്‍സരം.