സൂപ്പര്‍ താരങ്ങള്‍ പുറത്ത്, ഇന്ത്യന്‍ സാദ്ധ്യതാ ടീം ഇങ്ങനെ

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന ഇന്ത്യ-വെസറ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് ആന്റിഗ്വയില്‍ നടക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിയ്ക്കാണ് ഇന്ത്യ-വിന്‍ഡീസ് ആദ്യ മത്സരം ആരംഭിക്കുന്നത്.

വിന്‍ഡീസിനെതിരെ അണിനിരത്തുന്ന ടീം ഇന്ത്യയെ കുറിച്ച് തല പുകയ്ക്കുകയാണ് ക്രിക്കറ്റ് ലോകം. പിച്ചിന്റെ പ്രത്യേകതകള്‍ക്ക് അനുസരിച്ചാകും സൂപ്പര്‍ താരങ്ങള്‍ നിരവധിയുളള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക. നായകന്‍ കോഹ്ലിയ്ക്കും പരിശീലകന്‍ രവി ശാസ്ത്രിയ്ക്കും ഇത് ഏറെ തല പുകയ്‌ക്കേണ്ടി വരുന്ന തീരുമാനമാണ്.

ഓപ്പണിംഗ് സ്ഥാനത്ത് മായങ്ക് അഗര്‍വാളിന്റെ സ്ഥാനം ഏതാണ്ട് ഉറപ്പാണ്. അങ്ങനെയങ്കില്‍ വിഹാരിയും രാഹുലും തമ്മില്‍ കടുത്ത മത്സരം നടക്കാനിടയുണ്ട്. രാഹുലിനേക്കാള്‍ വിന്‍ഡീസില്‍ ഫോം തെളിയിച്ച വിഹാരിയ ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് സൂചന.

മൂന്നാമനായി പൂജാരയും നാലാം സ്ഥാനത്ത് നായകന്‍ വിരാട് കോഹ്ലിയും കളിയ്ക്കും. അഞ്ചാം സ്ഥാനത്ത് ഉപനായകന്‍ അജിന്‍ക്യ രഹാനയെ ഉള്‍പ്പെടുത്താനാണ് സാദ്ധ്യത. അങ്ങനെയെങ്കില്‍ രോഹിത്ത് ശര്‍മ്മയ്ക്ക് പുറത്തിരിക്കേണ്ടി വരും.

വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെ പരിഗണിക്കാനാണ് സാധ്യത. റിഷഭ് പന്തിന്റെ മോശം ഫോമാണ് താരത്തിന് തിരിച്ചടിയായത്. അഞ്ച് ബാറ്റ്‌സ്മാന്‍മാരും ഒരു വിക്കറ്റ് കീപ്പറും എന്ന നിലയിലാകും ഇന്ത്യ ബാറ്റിംഗ് ലൈനപ്പ് ഒരുക്കുക.

പേസര്‍മാരില്‍ ജസ്പ്രിത് ഭുംറ, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവര്‍ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടും. ഭുവനേശ്വര്‍ കുമാറും ഉമേശ് യാദവും പുറത്തിരിക്കും. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനാണ് തീരുമാനമെങ്കില്‍ അശ്വിനും കുല്‍ദീപും ടീമില്‍ ഇടംപിടിയ്ക്കും. ഇതിന് സാധ്യത വിരളമാണ്. ഇനി ഒരു സ്പിന്നറെ മാത്രമാണ് കളിപ്പിക്കുന്നതെങ്കില്‍ അശ്വിനായിരിക്കും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുക. ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും കളിക്കും.

രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പത് ടീമുകളാണ് ഏറ്റുമുട്ടുന്നത്. രണ്ടു വര്‍ഷത്തിനിടെ 27 പരമ്പരകളിലായി ആകെ 71 ടെസ്റ്റുകള്‍. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ 2021 ജൂണിലെ ഫൈനലില്‍ എറ്റുമുട്ടും.