ആന്റിഗ്വയില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍; സെഞ്ച്വറി കൂട്ടുകെട്ടുമായി കോഹ്ലി-രഹാനെ സഖ്യം

ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ വിന്‍ഡീസിനെതിരെ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് 260 റണ്‍സിന്റെ ലീഡുണ്ട്. സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി അര്‍ദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (51) വൈസ് ക്യാപ്റ്റന്‍ രഹാനയും (53) മാണ് ക്രീസില്‍.

രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ (38), മായങ്ക് അഗര്‍വാള്‍ (16), ചേതേശ്വര്‍ പൂജാര (25) എന്നിവരാണ് പുറത്തായത്. വിന്‍ഡീസിനായി റോസ്റ്റന്‍ ചേസ് രണ്ടും കെമര്‍ റോച്ച് ഒരു വിക്കറ്റും വീഴ്ത്തി. നാലാം വിക്കറ്റില്‍ കോഹ്ലി-രഹാനെ സഖ്യം ഇതിനകം 104 റണ്‍സാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

Read more

മൂന്നാം ദിനം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനഃരാരംഭിച്ച വിന്‍ഡീസ് 74.2 ഓവറില്‍ 222 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ 297 റണ്‍സാണെടുത്ത ഇന്ത്യയ്ക്ക് 75 റണ്‍സിന്റെ ലീഡ് ലഭിച്ചു. ജെയ്‌സന്‍ ഹോള്‍ഡര്‍ (39), മിഗ്വേല്‍ കമ്മിന്‍സ് (0) എന്നിവരാണ് മൂന്നാം ദിനം പുറത്തായ വിന്‍ഡീസ് താരങ്ങള്‍. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ അഞ്ചും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും സ്വന്തമാക്കി.