ചണ്ഡീമലിനും മാത്യൂസിനും സെഞ്ച്വറി, 'പുകയിലും' പതറാതെ ലങ്ക പൊരുതുന്നു

ഇന്ത്യയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ശ്രീലങ്ക പൊരുതുന്നു. സെഞ്ച്വറി നേടിയ എയ്ഞ്ചലോ മാത്യൂസിന്റേയും നായകന്‍ ദിനേഷ് ചണ്ഡീമലിന്റേയും ചെറുത്ത് നില്‍പ്പ് മികവില്‍ ശ്രീലങ്ക ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നാലിന് 287 റണ്‍സ് എന്ന നിലയിലാണ്.

111 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസിന്റെ വിക്കറ്റാണ് ലങ്കയ്ക്ക് ആകെ ഇന്ന് നഷ്ടമായത്. 268 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും സഹിതമാണ് എയ്ഞ്ചലോ മാത്യൂസിന്റെ ഇന്നിംഗ്‌സ്. അശ്വിന്റെ പന്തില്‍ സാഹ പിടിച്ചാണ് മാത്യൂസ് പുറത്തായത്.

ദിനേഷ് ചണ്ഡീമല്‍ 275 പന്തിലാണ് സെഞ്ച്വറിയിലെത്തിയത്. സമര വിക്രമയാണ് ചണ്ഡീമലിന് കൂട്ടായി ക്രീസില്‍. മൂന്നാം വിക്കറ്റില്‍ 181 റണ്‍സിന്റെ കൂട്ടുകെട്ടാണ് ചണ്ഡീമലും മാത്യൂസും പടുത്തുയര്‍ത്തിയത്.

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ലങ്കയ്ക്കായി ചണ്ഡിമലും മാത്യൂസും ശ്രദ്ധാപൂര്‍വമാണ് ബാറ്റേന്തിയത്. ഇന്ത്യന്‍ താരങ്ങള്‍ അനായാസം റണ്‍സ് കണ്ടെത്തിയ പിച്ചില്‍ ഇരുവരും അതേ പാത പിന്തുടര്‍ന്നതോടെ ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റ് കണ്ടെത്താനാകാതെ വിഷമിച്ചു.

രണ്ടാം ദിനമായ ഇന്നലെ ദിമുത് കരുണരത്‌നെ, ധനഞ്ജയ സില്‍വ, ദില്‍റുവന്‍ പെരേര എന്നിവരുടെ വിക്കറ്റുകളാണു ശ്രീലങ്കയ്ക്കു നഷ്ടമായത്. സ്‌കോര്‍ പൂജ്യത്തില്‍ നില്‍ക്കെ ഓപ്പണര്‍ ദിമുത് കരുണരത്‌നെ മുഹമ്മദ് ഷാമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സാഹയ്ക്കു ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ധനഞ്ജയ സില്‍വയും കൂടാരം കയറി. ഒരു റണ്‍സ് മാത്രമെടുത്ത സില്‍വയെ ഇഷാന്ത് ശര്‍മയാണു പുറത്താക്കിയത്. സ്‌കോര്‍ 75ല്‍ നില്‍ക്കെ 42 റണ്‍സെടുത്ത പെരേര രവീന്ദ്ര ജഡേജയ്ക്കു വിക്കറ്റ് നല്‍കി മടങ്ങി.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.