രഹാനേയ്ക്ക് ബൈ...ബൈ പറഞ്ഞ് ആരാധകര്‍ ; പകരം ഈ മലയാളി താരത്തെ പരീക്ഷിക്കാന്‍ ആവശ്യം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വന്‍ പരാജയമായ അജിങ്ക്യാ രഹാനേയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ആരാധകരുടെ വിട പറച്ചില്‍ വൈറലാകുന്നു. ഇന്ത്യന്‍ ടീമിന് താരം നല്‍കിയ സേവനത്തിന് നന്ദി പറഞ്ഞുകൊണ്ട് ആരാധകരുടെ ബൈ…ബൈ രഹാനേ ഹാഷ്ടാഗാണ് വൈറലായി മാറിയിരിക്കുന്നത്.

രഹാനേ ഒഴിവാകുന്ന അഞ്ചാം നമ്പറിലേക്ക് മലയാളിതാരത്തെ കളിപ്പിക്കണം എന്നാണ് ആരാധകരുടെ ആവശ്യം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സെഞ്ച്വറിയോടെ അരങ്ങേറിയ ശ്രേയസ് അയ്യരെ രഹാനേയ്ക്ക് പകരം അഞ്ചാം നമ്പറില്‍ കളിപ്പിക്കാനാണ് ആരാധകരുടെ ആവശ്യം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ പുറത്തായതിനെ ടീമില്‍ നിന്നും പുറത്തായതായി കണക്കാക്കി ആരാധകര്‍ പ്രതീകാത്മക യാത്രയയപ്പും താരത്തിന് നല്‍കിക്കഴിഞ്ഞു.

രഹാനെയെ ചുമലിലേറ്റി യാത്രയയപ്പ് നല്‍കുന്ന ചിത്രം ഉള്‍പ്പെടെയാണ് ആരാധകര്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ടീമിന് നല്‍കിയ സേവനത്തിന് ആരാധകര്‍ രഹാനെയ്ക്ക് നന്ദി പറയുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് മുമ്പേ തന്നെ ചോദ്യം ചെയ്യപ്പെട്ട രഹാനേയുടെ ഫോം വലിയ വിമര്‍ശനത്തിനാണ് കാരണമായി മാറിയിരിക്കുന്നത്. 2020ല്‍ 40 റണ്‍സില്‍ താഴെയും 2021ല്‍ 20 റണ്‍സില്‍ താഴെയുമാണ് താരത്തിന്റെ ശരാശരി. 2019ന് ശേഷം ആകെ നേടിയത് ഒരു സെഞ്ച്വറി മാത്രം.