ഡികോക്കിനു സെഞ്ച്വറി, ആശ്വാസജയത്തിനായി ഇന്ത്യയുടെ ലക്ഷ്യം 288 റണ്‍സ്

ദക്ഷിണാഫ്രിക്കയില്‍ ആശ്വാസജയം തിരയുന്ന ഇന്ത്യയ്ക്ക് മുന്നാം ഏകദിനത്തില്‍ ജയം നേടാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 288 റണ്‍സ്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 50 ഓവറില്‍ ഒരു പന്ത് ബാക്കി നില്‍ക്കേ പുറത്തായ ദക്ഷിണാഫ്രിക്ക 287 റണ്‍സിന് പുറത്തായി. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിന്റെ (124) തകര്‍പ്പന്‍ സെഞ്ച്വറിയും റാസി വാന്‍ ഡസന്റെ അര്‍ദ്ധശതക (52)വുമാണ് ആതിഥേയരുടെ ഇന്നിംഗസിന്റെ കരുത്തായി മാറിയത്. .

ഡികോക്കിന്റെ ഇന്നിങ്സ് 120 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്സറുമുള്‍പ്പെട്ടതാണ്. റാസ്സി വാന്‍ഡര്‍ ഡ്യുസന്‍ 59 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്സറുമടിച്ചു. ഡേവിഡ് മില്ലര്‍ (39), ഡ്വയ്ന്‍ പ്രെട്ടോറിയസ് (20), എയ്ഡന്‍ മര്‍ക്രാം (15), ജന്നെമന്‍ മലാന്‍ (1), നായകന്‍ ടെംബ ബവുമ (8), ആന്‍ഡില്‍ ഫെലുക്വായോ (4), കേശവ് മഹാരാജ് (6), സിസാന്‍ഡ മഗാല (0), ലുംഗി എന്‍ഗിഡി (0*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇന്ത്യക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ദീപക് ചാഹറും ജസ്പ്രീത് ബുറയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. യുസ്വേന്ദ്ര ചഹലിനു ഒരു വിക്കറ്റ് ലഭിച്ചു. നായകന്‍ കെഎല്‍ രാഹുലും ശ്രേയസ് അയ്യരും രണ്ടു റണ്ണൗട്ടുകളും ഉണ്ടാക്കി. ബവുമയെ രാഹുല്‍ നേരിട്ടുള്ള ത്രോയിലാണ് പുറത്താക്കിയത്. ഫെലുക്വായെ ശ്രേയസിന്റെ ത്രോയില്‍ റിഷഭ് പന്ത് സ്റ്റംപിന് ചെയ്യുകയും ചെയ്തു. കഴിഞ്ഞ കളിയില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടായിരുന്നു ഇന്ത്യ ഈ മത്സരം കളിച്ചത്.

ന്യൂബോള്‍ കൈകാര്യം ചെയ്ത ചഹര്‍ ഇന്ത്യക്കു മൂന്നാം ഓവറില്‍ തന്നെ ആദ്യ ബ്രേക്ക്ത്രൂ നല്‍കി. മനോഹരമായ ബോളില്‍ എഡ്ജായ മലാനെ വിക്കറ്റ് കീപ്പര്‍ റിഷഭ് അനായാസം പിടിയിലൊതുക്കി. അപകടകാരിയായ ബവുമയെ രാഹുല്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി. വൈകാതെ മര്‍ക്രാമിനെ ചഹറും പുറത്താക്കി. പിന്നീട് ഡീകോക്കും വാന്‍ഡര്‍ ഡ്യുസെനും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് സൗത്താഫ്രിക്കയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്.