ഫൈനലിസ്റ്റുകളെ തോല്‍പിച്ചത് പാകിസ്ഥാന്‍ മാത്രം, ഇരുവരോടും തോറ്റ് ഇന്ത്യ

ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ത്യയെ തോല്‍പിച്ചാണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. പ്രാഥമിക റൗണ്ടിലാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതെങ്കില്‍ സെമി ഫൈനലിലാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പിച്ചത്.

എന്നാല്‍ ഫൈനലിലെത്തിയ ഇംഗ്ലണ്ടിനേയും ന്യൂസിലന്‍ഡിനേയും തോല്‍പിച്ച ഒരു ടീമും ഉണ്ട്. അത് ഇന്ത്യയുടെ ബദ്ധവൈരികളായ പാകിസ്ഥാനാണ്. പ്രാഥമിക റൗണ്ടില്‍ ഇരുവരേയും തോല്‍പിക്കാന്‍ പാകിസ്ഥാന് ആയി. എന്നാല്‍ സെമി പ്രവേശനം നേടാന്‍ പാകിസ്ഥാന് കഴിഞ്ഞതുമില്ല.

ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ ഇംഗ്ലണ്ടിനോട് മാത്രമാണ് ഇന്ത്യ തോറ്റത്. അത് ഏറെ വിവാദവും ഉണ്ടാക്കിയിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകളാണ് കരിനിഴല്‍ വീണത്. ഇന്ത്യ പാകിസ്ഥാനെ തോല്‍പിക്കാന്‍ ഇംഗ്ലണ്ടിനോട് തോറ്റ് കൊടുത്തതാണെന്ന് വരെ ആരോപണം ഉയര്‍ന്നു. ന്യൂസിലന്‍ഡിനെതിരെ പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ മത്സരം നടന്നില്ല. മഴമൂലം മത്സരം ഉപേക്ഷിക്കുകയായിരുന്നു.

അതെസമയം പ്രാഥമിക റൗണ്ടില്‍ ഇംഗ്ലണ്ടിനെതിരേയും ന്യൂസിലന്‍ഡിനെതിരേയും ജയം നേടാന്‍ പാകിസ്ഥാനായി. ആവേശകരമായ മത്സരത്തില്‍ 14 റണ്‍സിനാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ ജയിച്ചത്. ന്യൂസിലന്‍ഡിനെയാകട്ടെ ആറ് വിക്കറ്റിനും പാകിസ്ഥാന്‍ തോല്‍പിച്ചു. എന്നാല്‍ വെസ്റ്റിന്‍ഡീസിനോടും ഓസ്‌ട്രേലിയയോടും ഇന്ത്യയോടും തോറ്റതും ശ്രീലങ്കയ്‌ക്കെതിരെ മത്സരം മഴമൂലം ഉപേക്ഷിച്ചതും പാകിസ്ഥാന് തിരിച്ചടിയായി.

ഇതോടെ ലോകകപ്പ് ഫൈനലിസ്റ്റുകളെ തോല്‍പിച്ച ഒരേയൊരു ടീമെന്ന് അവകാശപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ ആഘോഷം നടത്തുകയാണ് പാക് ആരാധകര്‍. ഇത് ലോകകപ്പ് നേടിയതിന് തുല്യമാണെന്നാണ് പാക് ആരാധകരുടെ വാദം. ഇന്ത്യയെ ഇക്കാര്യം പറഞ്ഞ് പരിഹസിക്കാനും പാക് ആരാധകര്‍ സമയം കണ്ടെത്തുന്നുണ്ട്.