കിവീസിനെതിരെ കൂട്ടത്തകര്‍ച്ച, നാണംകെട്ട് ടീം ഇന്ത്യ

ലോക കപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ന്യൂസിലന്‍ഡിനെതിരെ സന്നാഹ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് കൂട്ടത്തകര്‍ച്ച. 39 റണ്‍സെടുക്കുമ്പോഴേക്കും ഇന്ത്യയ്ക്ക് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ നാല് വിക്കറ്റിന് 47 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് മൈതാനത്ത് കണ്ടത്. ഓപ്പണര്‍മാരായ രോഹിത്തും ധവാനും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ നാലാം സ്ഥാനത്ത് ഇന്ത്യ പരീക്ഷിച്ച രാഹുല്‍ ആറ് റണ്‍സിനും പുറത്തായി. കോഹ്ലി 18 റണ്‍സെടുത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഗ്രാന്‍ഡ് ഹോമിന്റെ പന്തില്‍ കുറ്റി തെറിച്ച് മടങ്ങി. ഹാര്‍ദ്ദിക്ക് പാണ്ഡ്യയും മഹേന്ദ്ര സിംഗ് ധോണിയുമാണ് ക്രീസില്‍.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ടാണ് കിവീസ് ബൗളിംഗ് നിരയില്‍ തിളങ്ങുന്നത്.

13 പേര്‍ വീതമാണ് ഇരു സ്‌ക്വാഡിലും ഉള്ളത്. നെറ്റ്സില്‍ പരിശീലനത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ഐപിഎലിനിടെ പരിക്കേറ്റ കേദാര്‍ ജാദവും ഇന്ത്യന്‍ നിരയില്‍ കളിക്കുന്നില്ല. കിവീസ് നിരയില്‍ മാറ്റ് ഹെന്റിയും ടോം ലഥാമും ഇല്ല. നാലാം നമ്പറില്‍ വിജയ് ശങ്കറിന് പകരം കെ എല്‍ രാഹുലാണ് ഇടംപിടിച്ചത്.

Read more

ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് കോഹ്ലിയും സംഘവും സന്നാഹ മത്സരം കളിക്കുന്നത്. ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അവസാന സന്നാഹമത്സരം. ലോക കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ നാലിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്.