കളി തുടങ്ങും മുമ്പ് തന്നെ ഇന്ത്യ തോറ്റെന്ന് ക്രിക്കറ്റ് ലോകം, കിവീസില്‍ സംഭവിക്കുന്നത്

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ ആശങ്ക പരത്തി വെല്ലിംഗ്ടണിലെ ബെയ്ന്‍ റിസര്‍വിലെ പിച്ച്. പുല്ലു നിറഞ്ഞ പിച്ചില്‍ ഇന്ത്യ എങ്ങനെ പിടിച്ചു നില്‍ക്കുമെന്നാണ് ക്രിക്കറ്റ് ലോകം ചോദിക്കുന്നത്.

ഇക്കാര്യത്തില്‍ ആശങ്ക പങ്കു വെച്ച് ബിസിസിഐയും രംഗത്തെത്തിയിട്ടുണ്ട്. സ്പിന്നര്‍മാരേക്കാള്‍ സീം ബൗളിങ്ങിനെ തുണക്കുന്ന പിച്ചുകള്‍ക്കാണ് ന്യൂസിലാന്‍ഡ് മുന്‍ഗണന നല്‍കാറ്. എന്നാല്‍ പതിവിലും കൂടുതല്‍ പച്ചപ്പ് മത്സരത്തലേന്ന് വെല്ലിംഗ്ടണിലെ പിച്ചില്‍ കാണാം

മത്സരത്തലേന്ന് അധികമുള്ള പുല്ല് പിച്ചില്‍ നിന്ന് കളയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അങ്ങനെയൊന്ന് ഉണ്ടായില്ലെങ്കില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ മത്സരത്തില്‍ മൃഗീയ മേധാവിത്വം പുലര്‍ത്തും.

ടോസ് നഷ്ടപ്പെട്ട് ആദ്യദിനം ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നാലാണ് സ്ഥിതി ഏറെ ഗുരുതരമാകുക. കിവീസ് പേസര്‍മാരുടെ സ്വിംഗ് ചെയ്തെത്തുന്ന ഡെലിവറികള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശരിക്കും വിയര്‍ക്കും. കളി തുടങ്ങും മുമ്പ് ഇന്ത്യ തോറ്റു കഴിഞ്ഞുവെന്ന് വരെ ചില ആരാധകര്‍ വിലയിരുത്തുന്നുണ്ട്.