വീണ്ടും ചതിക്കുഴിയില്‍ ടീം ഇന്ത്യ, കാത്തിരിക്കുന്നത് കനത്ത തോല്‍വി, കിവീസില്‍ സംഭവിക്കുന്നത്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരെ വെല്ലിംഗ്ടണിലെ ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ രണ്ടാം ടെസ്റ്റിലും സമാനമായ ദുരന്തം ആവര്‍ത്തിച്ചേക്കുമെന്ന് സൂചന. രണ്ടാം ടെസ്റ്റ് നടക്കുന്ന ഹാഗ്ലി ഓവല്‍ മൈതാനം ആദ്യ ടെസ്റ്റിലേതിന് സമാനമായ രീതിയില്‍ പച്ചപ്പ് നിറഞ്ഞ പിച്ചായാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ മത്സരത്തില്‍ പിടിച്ച് നില്‍ക്കാന്‍ ടീം ഇന്ത്യയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരും.

ഇതോടെ ഇ്ന്ത്യയ്ക്ക് മത്സരത്തില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ടോസ് വിജയം സ്വന്തമാക്കണം. ടോസ് ആര് നേടുന്നോ, അവര്‍ ബൗളിംഗ് തിരഞ്ഞെടുക്കുമെന്ന കാര്യമുറപ്പ്.

കഴിഞ്ഞ തവണ കിവീസ് ബൗളര്‍മാരുടെ പേസിനും സ്വിങ്ങിനും മുമ്പിലാണ് ഇന്ത്യ പതറിയത്. ട്രെന്‍ഡ് ബോള്‍ട്ട്, ടിം സോത്തി, കൈലി ജാമിസണ്‍ ത്രയം ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്മാരെ നട്ടംതിരിച്ചു. മറുഭാഗത്താകട്ടെ, ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാന്‍ ജസ്പ്രീത് ഭുംറയ്ക്കും മുഹമ്മദ് ഷമിക്കും കഴിഞ്ഞുമില്ല.

വെല്ലിംഗ്ടണില്‍ ഏഴു ബാറ്റ്സ്മാന്മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. കെയ്ന്‍ വില്യംസണെയും സംഘത്തെയും എറിഞ്ഞുവീഴ്ത്താന്‍ നാലു ബൗളര്‍മാര്‍ മതിയെന്ന് നായകന്‍ കോലി ആത്മവിശ്വാസം പൂണ്ടു. പക്ഷെ സംഭവിച്ചതോ, വെല്ലിംഗ്ടണില്‍ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുംറ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ കണക്കിന് അടിവാങ്ങി. ഓവറില്‍ മൂന്നു റണ്‍സിന് മുകളിലാണ് നാലു പേരും പന്തെറിഞ്ഞത്.

എന്തായാലും ഹാഗ്ലി ഓവല്‍ മൈതാനത്തെ പിച്ച് കാണുമ്പോള്‍ മറ്റൊരു ദുരന്തമാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നതെന്ന് ആരാധകര്‍ ആശങ്കപ്പെടുന്നു. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് നാലു വരെയാണ് ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ്.