കിവീസിന് എതിരെ സഞ്ജു കളിയ്ക്കും, ടീം ഇന്ത്യ ഇങ്ങനെ

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കാനിരിക്കെ എല്ലാ കണ്ണുകളും മലയാളി താരം സഞ്ജു സാംസണിന്റെ നേര്‍ക്കാണ്. മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിയ്ക്കുമോയെന്ന കാര്യത്തിലാണ് മലയാളി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ അവസാനം കളിച്ച ടി20 യില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. അന്ന് മൂന്നാമനായി ബാറ്റ് ചെയ്ത സഞ്ജു രണ്ട് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ മികച്ച കീപ്പിംഗ് പ്രകടനമാണ് കാഴ്ച്ച വെച്ചത്.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പകരമായാകും സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിയ്ക്കുക എന്നാണ് റിപ്പോര്‍ട്ട്. ശിഖര്‍ ധവാന്‍ പരിക്കേറ്റ് പിന്‍വാങ്ങിയതോടെ കെഎല്‍ രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും.

പരമ്പരയില്‍ അഞ്ച് ട്വന്റി 20യാണുള്ളത്. ഇതിന് ശേഷം മൂന്ന് ഏകദിനത്തിലും രണ്ട് ടെസ്റ്റിലും ന്യൂസിലന്‍ഡുമായി ഇന്ത്യ കളിക്കും

സാദ്ധ്യതാ ടീം ഇങ്ങനെ: വിരാട് കോഹ്ലി (നായകന്‍), രോഹിത് ശര്‍മ്മ, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ലോകേഷ് രാഹുല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി