ബെയര്‍സ്‌റ്റോയുടെ പോരാട്ടത്തില്‍ അവസാനിച്ച് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 284 റണ്‍സിന് പുറത്ത്. ഇതോടെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 132 റണ്‍സ് ലീഡ് നേടി. മൂന്നാം ദിനം അഞ്ചിന് 84 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും എല്ലാവരും പുറത്തായി.

ജോണി ബെയര്‍സ്റ്റോയുടെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ വന്‍തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. 140 പന്തുകള്‍ നേരിട്ട ബെയര്‍സ്റ്റോ രണ്ട് സിക്സും 14 ഫോറുമടക്കം 106 റണ്‍സെടുത്തു. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് താരം സെഞ്ചുറി നേടുന്നത്. താരത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

സാം ബില്ലിംഗ്‌സ് 36, ജോ റൂട്ട് 31, ബെന്‍ സ്‌റ്റോക്‌സ് 25, മാത്യു പോട്ട്‌സ് 19 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാലു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റും മുഹമ്മദ് ഷമി രണ്ടു വിക്കറ്റും സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യ്യക്ക് നഷ്ടമായത്. ജയിംസ് ആന്‍ഡേഴ്‌സണാണ് വിക്കറ്റ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 19 റണ്‍സെന്ന നിലയിലാണ്. ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം (12*) ഹനുമ വിഹാരിയാണ് (1*) ക്രീസില്‍.