പൊരിഞ്ഞ 'തല്ലില്‍' പുളഞ്ഞ് ഇന്ത്യന്‍ ബോളര്‍മാര്‍: ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്

ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഉഗ്രന്‍ പ്രകടനം കാഴ്ചവെയ്ക്കുന്നു. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ഓസ്‌ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുന്നു. അവസാനം വിവരം ലഭിക്കുമ്പോള്‍ 39 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് 239 എന്ന ശക്തമായ നിലയിലാണ് ഓസ്‌ട്രേലിയ. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖ്വാജയും ഉഗ്രന്‍ പ്രകടനം നടത്തിയതാണ് ആതിഥേയരെ മികച്ച നിലയിലേക്ക് നയിച്ചത്.

113 ബോളില്‍ നിന്ന് 104 റണ്‍സെടുത്ത് ക്വാജയാണ് അവസാനം പുറത്തായത്. 99 ബോളില്‍ നിന്ന് 93 റണ്‍സെടുത്ത് ആരോണ്‍ ഫിഞ്ച് ആണ് ആദ്യം പുറത്തായത്. 19 ബോളില്‍ നിന്ന് 33 റണ്‍സ് നേടി ഗ്ലെന്‍ മാക്‌സ് വെല്ലും മൂന്ന് ബോളില്‍ നിന്ന് റണ്‍സൊന്നുമെടുക്കാതെ ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍.

കുല്‍ദീപ് യാദവും ഷമിയുമാണ് ഇന്ത്യന്‍ നിരയില്‍ ഇതുവരെ വിക്കറ്റ് നേടിയവര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുടക്കം മുതല്‍ തകര്‍ത്തടിച്ചു. തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിയ ഉസ്മാന്‍ ഖവാജയായിരുന്നു ആദ്യ ഓവറുകളില്‍ കൂടുതല്‍ അപകടകാരി. പതിയേ ഫിഞ്ചും ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 6 ബോളര്‍മാര്‍ മാറി മാറി ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞെങ്കിലും ഓസീസ് ബാറ്റിംഗില്‍ നാശമൊന്നും വിതയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അതേസമയം, ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങിയ നേഥന്‍ കോള്‍ട്ടര്‍നീലിനു പകരം ജൈ റിച്ചാര്‍ഡ്‌സന്‍ കളിക്കും. ഇന്നത്തെ മല്‍സരത്തില്‍നിന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിക്കുന്ന മാച്ച് ഫീ പൂര്‍ണമായും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കുമെന്ന് കോഹ്‌ലി അറിയിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ വിജയനായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ സ്വന്തം നാടായ റാഞ്ചിയില്‍ പരമ്പര ജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. റാഞ്ചിയില്‍ ഇന്ത്യയ്ക്കിത് നാലാം ഏകദിന മല്‍സരമാണ്. ഇതില്‍ രണ്ടെണ്ണം ഇന്ത്യ ജയിച്ചപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ ഒരു മല്‍സരം തോറ്റു. 2013ല്‍ ഓസീസിനെതിരെ നടക്കേണ്ടിയിരുന്ന മല്‍സരം മഴ മുടക്കി.