അവിശ്വസനീയ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ ഇന്ത്യയെ തേടി അപൂര്‍വ റെക്കോഡും. ലോക കപ്പില്‍ ഏറ്റഴും അധികം സെഞ്ച്വറി നേടിയ ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയെ ഈ റെക്കോഡിന് അര്‍ഹരാക്കിയത്. ലോക കപ്പില്‍ ഇന്ത്യന്‍ താരത്തിന്റെ 27-ാം സെഞ്ച്വറിയാണ് ധവാന്റേത്. 26 സെഞ്ച്വറി നേടിയ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ മറികടന്നത്. 23 സെഞ്ച്വറികളുമായി ശ്രീലങ്കയും 17 സെഞ്ച്വറികളുമായി വെസ്റ്റ് ഇന്‍ഡീസുമാണ് അടുത്ത സ്ഥാനങ്ങളില്‍.

ഓസ്ട്രേലിയക്കെതിരെ 53 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച ധവാന്‍ 95 പന്തിലാണ് ശതകം തികച്ചത്. ധവാന്റെ ഏകദിന കരിയറിലെ 17-ാം സെഞ്ച്വറിയാണിത്. പുറത്താകുമ്പോള്‍ 109 പന്തില്‍ 117 റണ്‍സ് ധവാന്റെ അക്കൗണ്ടിലുണ്ടായിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ മത്സരത്തില്‍ രോഹിത്ത് ശര്‍മ്മയും ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിരുന്നു.

മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ആവേശകരമായ മത്സരത്തില്‍ 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.