ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ ഇന്ത്യ അയല്‍ക്കാരുമായി ഏറ്റുമുട്ടും, ശേഷം ഇംഗ്ലണ്ട് പര്യടനം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തുമെന്ന് ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ശ്രീലങ്കയില്‍ മൂന്ന് ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഇതിന് ശേഷമായിരിക്കും ഓഗസ്റ്റ് നാലിന് തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ തിരിക്കുക.

ഈ മാസം 25നാണ് ഇന്ത്യന്‍ ടീം ബയോബബിള്‍ സുരക്ഷയില്‍ പ്രവേശിക്കുന്നത്. നാട്ടില്‍ എട്ട് ദിവസം ക്വാറന്റൈനില്‍ ഇരുന്ന ശേഷം ജൂണ്‍ 2നാവും ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോവുക. അവിടെയും 10 ദിവസം ക്വാറന്റെയ്ന്‍ നോക്കണം. എന്നാല്‍ ഇംഗ്ലണ്ടിലെ ക്വാറന്റെയ്ന്‍ കാലാവധിയില്‍ ഇന്ത്യന്‍ ടീമിന് പരിശീലനം നടത്താം.

ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതിന് പിന്നാലെ ടീം ശ്രീലങ്കയ്ക്ക് വിമാനം കയറും. അവിടയെത്തി പര്യടനം പൂര്‍ത്തിയാക്കി തിരിച്ച് ഇംഗ്ലണ്ടിലേക്ക് പോകും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനും ഇടയിലുള്ള സമയത്ത് ഐ.പി.എല്‍ നടത്താമെന്ന അഭിപ്രായം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു ശേഷം ഇന്ത്യ ശ്രീലങ്കയിലേക്ക് പോകുന്നതിനാല്‍ അത് സാധ്യമല്ല.