രക്ഷകനായി രഹാന വരുമോ?, നാലാം സ്ഥാനത്തേയ്ക്ക് അഞ്ച് താരങ്ങള്‍

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ഏകദിന ടീമില്‍ നാലാം സ്ഥാനത്തേയ്ക്കുളള താരങ്ങളെ കണ്ടെത്തുന്ന കാര്യത്തിലായിരിക്കും സെലക്ഷന്‍ കമ്മിറ്റി വിയര്‍ക്കുക. കുറഞ്ഞത് അഞ്ച് താരങ്ങളെങ്കിലും നാലാം സ്ഥാനത്ത് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ മത്സരിക്കുന്നുണ്ട്. കെ.എല്‍ രാഹുല്‍, അജിക്യ രഹാന, മനീഷ് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നീ താരങ്ങളില്‍ ആരെങ്കിലുമായിരിക്കും വിന്‍ഡീസ് പര്യടനത്തില്‍ നാലാം സ്ഥാനത്ത് ഇന്ത്യയ്ക്കായി കളിക്കുക.

ഇതില്‍ കെ.എല്‍ രാഹുലിനെ ഇന്ത്യ ലോക കപ്പില്‍ നാലാം നമ്പറില്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെ രാഹുല്‍ ഓപ്പണറായി കളിക്കുകയായിരുന്നു. ധവാന്‍ വിന്‍ഡീസ് പര്യടനത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ രാഹുലിന് വീണ്ടും ഓപ്പണറുടെ വേഷം അണിയേണ്ടി വരും.

രഹാനയാകട്ടെ ഏത് പൊസിഷനിലും ഇന്ത്യയ്ക്കായി കളിക്കാനുളള ക്ലാസ് ഉളള താരമാണ്. നാലാം നമ്പറില്‍ 25 തവണ ഇന്ത്യയ്ക്കായി ഇതിനോടകം കളിച്ചിട്ടുളള രഹാന 36.65 ശരാശരിയില്‍ 843 റണ്‍സും നേടിയിട്ടുണ്ട്. എന്നാല്‍ താരത്തിന് ലോക കപ്പ് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല.

മനീഷ് പാണ്ഡ്യ ഇന്ത്യയുടെ ലോക കപ്പ് സംഘത്തില്‍ വൈകിയെത്തിയ താരമാണ്. വിജയ് ശങ്കറിന് പരിക്കേറ്റതാണ് പാണ്ഡ്യയ്ക്ക് തുണയായത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ പാണ്ഡ്യയ്ക്ക് ആയിരുന്നില്ല. വിന്‍ഡീസിനെതിരെ ഇന്ത്യ എ ടീമിന് വേണ്ടി നാലാം സ്ഥാനത്തിറങ്ങി കഴിഞ്ഞ ദിവസം പാണ്ഡ്യ സെഞ്ച്വറി നേടിയിരുന്നു.

ശുഭ്മാന്‍ ഗില്ലിനെ നാലാം സ്ഥാനത്ത് പരീക്ഷിക്കാവുന്ന താരമാണ്. ഫസ്റ്റ് ക്ലാസ്റ്റ് ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് ഗില്ലിന്റെ മുതല്‍കൂട്ട്. മത്സരപരിചയം ഭാവി ഇന്ത്യന്‍ ടീമിന് ഏറെ മുതല്‍കൂട്ടാകുകയും ചെയ്യും. റിഷഭ് പന്ത് ലോക കപ്പില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ 4 ഇന്നിംഗ്‌സുകളില്‍ ബാറ്റ് ചെയ്തിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും അമിതാവേശം താരത്തിന് വിനയായി.

മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങള്‍ക്കു പുറമേ, ലോക ടെസ്റ്റ് സീരിസിന്റെ ഭാഗമായ 2 ടെസ്റ്റുകളും വിന്‍ഡീസ് പരമ്പരയില്‍ ഉണ്ടാകും. മൂന്നു ഫോര്‍മാറ്റ് മത്സരങ്ങള്‍ക്കും വ്യത്യസ്ത ടീമിനെയാകും പ്രഖ്യാപിക്കുക. അടുത്ത മാസം മൂന്നിനു ടി20യോടെയാണു പരമ്പരയ്ക്കു തുടക്കമാകുക.