ഇനി എന്തെങ്കിലും പറയാനുണ്ടോ? വിമര്‍ശിച്ച ക്രിക്കറ്റ് പണ്ഡിറ്റുകളുടെ വായടപ്പിപ്പിച്ച് ഋഷഭ് പന്തും രാഹുലും

ടെസ്റ്റ് പരമ്പരയ്ക്ക് കൈവിട്ടതിന് പിന്നാലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം തോറ്റതോടെ തങ്ങളെ നിരന്തരം വിമര്‍ശനത്തിന്റെ മുനയില്‍ നിര്‍ത്തിയ ക്രിക്കറ്റ് പണ്ഡിറ്റുകളുടെ വായടപ്പിക്കുന്ന പ്രകടനവുമായി ഇന്ത്യന്‍ നായകന്‍ കെ.എല്‍. രാഹുലും യുവതാരം ഋഷഭ് പന്തും. രണ്ടുപേരും രണ്ടാം ഏകദിനത്തില്‍ അര്‍ദ്ധശതകം നേടി. അതേസമയം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും കഴിഞ്ഞ മത്സരത്തില്‍ അര്‍ദ്ധശതകം തികച്ചയാളുമായ വിരാട് കോഹ്ലി പൂജ്യത്തിനു പുറത്തായി.

ശിഖര്‍ധവാനെ 29 റണ്‍സിനും വിരാട് കോഹ്ലി പൂജ്യത്തിനും പുറത്തായ ശേഷം ഒന്നിച്ച രാഹുല്‍ – പന്ത് കൂട്ടുകെട്ട് ഇന്ത്യന്‍ സ്‌കോറിനെ നയിച്ചു. ഇരുവരും അര്‍ദ്ധശതകം പിന്നിട്ടു. 32 ാം ഓവറില്‍ മലാഗയുടെ പന്തില വാന്‍ഡെര്‍ ഡുസന് പിടി നല്‍കുമ്പോള്‍ 79 പന്തില്‍ 55 റണ്‍സ് എടുത്ത നിലയിലായിരുന്നു കെഎല്‍ രാഹുല്‍. വളരെ ശ്രദ്ധയോടെ മോശം പന്തുകളെ തെരഞ്ഞെടുത്ത് ആക്രമിച്ച രാഹുല്‍ നാലു ബൗണ്ടറികള്‍ മാത്രമാണ് അടിച്ചത്. മറുവശത്ത് തകര്‍ത്തടിക്കുന്ന പന്ത് സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്.

കഴിഞ്ഞ മത്സരത്തില്‍ വേഗത്തില്‍ പുറത്തായതിന് വിമര്‍ശനം കേട്ട പന്ത് 85 റണ്‍സിനാണ് പുറത്തായത്. 71 പന്തില്‍ 85 റണ്‍സ് നേടിയ പന്തിന്റെ ബാറ്റില്‍ നിന്നും പത്തു ബൗണ്ടറിയൂം രണ്ടു സിക്‌സറുകളും പറന്നു. ഒടുവില്‍ ഷംസിയുടെ പന്തില്‍ മാര്‍ക്രം പിടിച്ചാണ് പന്ത് പുറത്തായത്. 38 പന്തില്‍ 29 റണ്‍സ് എടുത്ത ധവാനായിരുന്നു ആദ്യം പുറത്തായത് മാര്‍ക്രത്തിന്റെ പന്തില്‍ മഗാലയ്ക്ക് പിടി നല്‍കുകയായിരുന്നു. പിന്നാലെ വന്ന കോഹ്ലിയ്ക്ക് അഞ്ചു പന്തുകള്‍ നേരിടാന്‍ മാത്രമാണ് കഴിഞ്ഞത്. മഹാരാജിന്റെ പന്തില്‍ ബാവുമയുടെ കയ്യിലെത്തി.