എറിഞ്ഞിടാന്‍ ദക്ഷിണാഫ്രിക്ക, അടിച്ചകറ്റാന്‍ ഇന്ത്യ; ഒന്നാം ടെസ്റ്റിന് ഇന്നു തുടക്കം

ഇന്ത്യാ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്ന് കേപ്ടൗണില്‍ തുടങ്ങും. സ്വന്തം മണ്ണില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് പ്രയാണം തുടരുന്ന ഇന്ത്യക്ക് വിദേശ മണ്ണില്‍ അടിപതറുന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാനുള്ള അവസരമാകും ദക്ഷിണാഫ്രിക്കന്‍ പര്യടനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നു ടെസ്റ്റുകളുള്ള പരമ്പര ഇന്ത്യന്‍ ടീമിന്റെ വിദേശ മണ്ണിലെ ദീര്‍ഘമേറിയ പരമ്പരയുടെ തുടക്കം കൂടിയാണ്. ബാറ്റിംഗിലും ബോളിങ്ങിലും മികച്ച നില്‍ക്കുന്ന രണ്ട് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷിക്കാം. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്താണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും.

പേസര്‍മാരെ തുണക്കുന്ന പിച്ചാണ് ന്യൂലാന്‍ഡ്സിലേത്. ഇത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക ദക്ഷിണാഫ്രിക്കയെയാണ്. ഇന്ത്യന്‍ പേസര്‍മാരേക്കാള്‍ കൂടുതല്‍ വേഗതയില്‍ പന്തെറിയാന്‍ കഴിയുന്നവരാണ് മറുവശത്ത്. ഇന്ത്യ മൂന്നു പേസര്‍മാര്‍ക്ക് ടീമില്‍ ഇടം നല്‍കിയേക്കും. ഭുവനേശ്വര്‍കുമാര്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ക്കായിരിക്കും ആ ചുമതല. പനിയായതിനാല്‍ രവീന്ദ്ര ജഡേജയ്ക്കു പകരം ടീമിലെ ഏക സ്പിന്നറുടെ സ്ഥാനം അശ്വിന്‍ നേടിയേക്കും. റബാഡ, ഫിലാന്‍ഡര്‍, മോര്‍ക്കല്‍ പേസ് ത്രയങ്ങളെ തന്നെയാകും ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക അണിനിരത്തുക. പിച്ചിന്റെ സ്വഭാവം വിലയിരുത്തിയാവുെ അധിക ബാറ്റ്‌സ്മാനോ ബോളറോ എന്ന കാര്യത്തില്‍ തീരുമാനമാകുക.

ബാറ്റ്സ്മാന്മാരില്‍ ഇരുനിരയിലും പ്രതീക്ഷവെക്കാവുന്നര്‍ ഏറെയാണ്. നായകന്‍ കോഹ്ലി, ചേതേശ്വര്‍ പൂജാര, മുരളി വിജയ്, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍ തുടങ്ങി വലിയ നിരയാണ് ഇന്ത്യക്കുള്ളത്. ഫാഫ് ഡ്യൂപ്ലസിസ് നയിക്കുന്ന ടീമില്‍ എ ബി ഡി വില്യേഴ്സ്, ഹാഷിം ആംല തുടങ്ങിയവരും ഉണ്ട്. പ്രിട്ടോറിയ, ജൊഹാനാസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് ടെസ്റ്റുകള്‍. ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി 20കളും ഇരുടീമുകളും കളിക്കും.

ഇന്ത്യ സാധ്യതാ ടീം; വിജയ്, ധവാന്‍/ രാഹുല്‍, പൂജാര, കോഹ്ലി (ക്യാപ്റ്റന്‍), രഹാനെ, രോഹിത്/ പാണ്ഡ്യ, സാഹ, അശ്വിന്‍, ഭുവനേശ്വര്‍, ഇഷാന്ത് ശര്‍മ്മ, ഷമി

ദക്ഷിണാഫ്രിക്ക; എല്‍ഗര്‍, മാര്‍ഗ്രം, അംല, ഡുപ്ലസി (ക്യാപ്റ്റന്‍), ഡിവില്ലിയേഴ്‌സ്, ഡികോക്ക്, മോറിസ്, ഫിലാന്‍ഡര്‍, റബാഡ, മോര്‍ക്കല്‍/ സ്‌റ്റെയ്ന്‍, കേശവ്