ഹാര്‍ദ്ദിക്കിനെ ഇന്ത്യ കളിപ്പിക്കരുത്, ആവശ്യവുമായി രവി ശാസ്ത്രി

ഈ വര്‍ഷത്തെ ടി20 ലോക കപ്പ് അവസാനിക്കും വരെ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ഇന്ത്യ ഏകദിനത്തില്‍ കളിപ്പിക്കരുതെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ലോക കപ്പില്‍ ഇന്ത്യ പ്രതീക്ഷയോടെ കാണുന്ന താരമാണ് ഹാര്‍ദ്ദിക്. അതിനാല്‍ തന്നെ താരത്തിന് വേഗം പരിക്കേല്‍ക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ശാസ്ത്രിയുടെ ഈ നിരീക്ഷണം.

അവന്‍ ഒരു ബാറ്ററായോ ഓള്‍റൗണ്ടറായോ ടീമിലേക്ക് മടങ്ങിവരും. അവന് മതിയായ വിശ്രമം വേണമെന്നിരിക്കെ ലോക കപ്പിന് മുന്നേ അവനെ ഏകദിന ക്രിക്കറ്റ് കളിപ്പിച്ച് റിസ്‌ക് എടുക്കരുത്. അങ്ങനെ കളിച്ച് പരിക്ക് പറ്റിയാല്‍ കണക്കുകൂട്ടലുകള്‍ തെറ്റുമെന്നും ശാസ്ത്രി നിരീക്ഷിച്ചു.

ഹാര്‍ദിക് ബാറ്റിംഗും ബോളിംഗും ചെയ്യുമ്പോള്‍ ഇന്ത്യ വളരെ ശക്തമായ ഒരു ടീമാണ്. രണ്ടും ചെയ്യുമ്പോള്‍ ഹാര്‍ദിക് വളരെ മികച്ച  കളിക്കാരനാണ്. അതിനാല്‍ വരുന്ന ടി20 ലോക കപ്പിന് അവന്‍ ഏറെ അനുയോജ്യനാണ്. ഐപിഎല്ലിലെ പ്രകടനവും നല്ല സൂചനകളാണ് നല്‍കുന്നതെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മികച്ച ഐപിഎല്‍ സീസണാണ് ലഭിച്ചത്. തന്റെ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ ട്രോഫിയിലേക്ക് നയിക്കുക മാത്രമല്ല, അവരുടെ മുന്‍നിര റണ്‍സ് സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം. സീസണില്‍ അദ്ദേഹം 487 റണ്‍സ് നേടി.

Read more

2021ലെ ടി20 ലോക കപ്പിലാണ് ഹാര്‍ദിക് അവസാനമായി ടീം ഇന്ത്യയെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം അദ്ദേഹം ടീമിനായി ഏകദിനവും കളിച്ചിട്ടില്ല.