ന്യൂസിലന്‍ഡിന് എതിരെ ഇറങ്ങുക ഇന്ത്യയുടെ യുവനിര; ഋതുരാജും വെങ്കടേഷും ഹര്‍ഷലും അണിനിരക്കും!

ലോക കപ്പിന് തൊട്ടുപിന്നാലെ ന്യൂസിലന്‍ഡുമായി നടക്കുന്ന ട്വന്റി20 പരമ്പരയില്‍ ഇന്ത്യ അണിനിരത്തുക യുവനിരയെ. സീനിയര്‍ താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം നല്‍കാനാണിത്.

നവംബര്‍ 17, 19, 21 തിയതികളില്‍ ജയ്പുര്‍, റാഞ്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി മൂന്ന് ടി20 മത്സരങ്ങളാണ് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കളിക്കുക. ട്വന്റി20 ലോക കപ്പ് കഴിഞ്ഞ് ഒരാഴ്ച തികയുംമുന്‍പേ പരമ്പര ആരംഭിക്കും. ഈ സാഹചര്യത്തില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഉള്‍പ്പെടെയുള്ള പ്രമുഖരെ ഒഴിവാക്കിയായിരിക്കും ടീം പ്രഖ്യാപിക്കുക.

സീനിയര്‍ താരങ്ങള്‍ മാറിനില്‍ക്കുമ്പോള്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ യുവ കളിക്കാര്‍ ടീമില്‍ ഇടം നേടിയെടുക്കും. ഋതുരാജ് ഗെയ്ക്ക്‌വാദ്, വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ തുടങ്ങിയവര്‍ക്ക് ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതപ്പെടുന്നു. ജൂലൈയിലെ ശ്രീലങ്കന്‍ പര്യടനത്തിലും യുവ ടീമിനെ ഇന്ത്യ പരീക്ഷിച്ചിരുന്നു.