ഇന്ത്യയുടെ ടി20 ലോക കപ്പ് ഇലവന്‍; ടോപ് സിക്‌സിനെ തിരഞ്ഞെടുത്ത് പോണ്ടിംഗ്

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ പ്ലെയിംഗ് ഇലവനിലെ ടോപ് സിക്‌സിനെ തിരഞ്ഞെടുത്ത് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. നിലവിലെ ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളായ സൂര്യകുമാര്‍ യാദവിനെ തഴഞ്ഞാണ് പോണ്ടിംഗ് ഇന്ത്യയുടെ ടോപ് സിക്സിനെ തിരഞ്ഞെടുത്തത്.

രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരെയാണ് ഇന്ത്യയുടെ ടോപ് സിക്സിലേക്ക് പോണ്ടിംഗ് തിരഞ്ഞെടുത്തത്. സൂര്യകുമാറിനെ ഒഴിവാക്കിയതില്‍ പോണ്ടിംഗിനോട് കലിതുള്ളി നില്‍ക്കുകയാണ് ആരാധകര്‍.

‘ഓസ്ട്രേലിയയെ ലോക കപ്പ് ജയിപ്പിക്കാനുള്ള എളുപ്പ വഴിയാണോ’ എന്നാണ് ആരാധകര്‍ പോണ്ടിംഗിനോട് ചോദിക്കുന്നത്. നിലവില്‍ മോശം ഫോമിലുള്ള കോഹ്‌ലിയെ ഒഴിവാക്കിയാലും സൂര്യകുമാറിനെ കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റര്‍മാരില്‍ ഒരാളാണ് സൂര്യകുമാര്‍. ഇംഗ്ലണ്ടില്‍ സെഞ്ച്വറിയടക്കം നേടി മികച്ച ഫോമിലാണ് താരം ഉള്ളത്. പോണ്ടിംഗിന്റെ പദ്ധതിയുടെ ഭാഗമല്ലെങ്കില്‍ ലോക കപ്പ് ടീമില്‍ സൂര്യകുമാര്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്.