ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ഇല്ല

ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ടീമിനെ പ്രഖ്യാപിച്ചു. കെഎല്‍ രാഹുലിനെ നായകനാക്കി 18 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ചില സീനിയര്‍ താരങ്ങള്‍ക്കു ഇന്ത്യ പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് ഇന്ത്യ വിശ്രമം നല്‍കിയിരിക്കുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. റിഷഭ് പന്തും ദിനേശ് കാര്‍ത്തികുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ സഞ്ജു സാംസണ്‍ ടീമില്‍ നിന്നും തഴയപ്പെട്ടു. പേസര്‍മാരായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍.

ഇന്ത്യന്‍ ടി20 ടീം: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.

ഇംഗ്ലണ്ടിനെതിരായി അവശേഷിക്കുന്ന ഒരു ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെയും ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ അജിങ്ക്യ രഹാനെയുടെ അഭാവമാണ് ടീമിലെ ഒരു മാറ്റം. മറ്റൊന്ന് പ്രസിദ്ധ് കൃഷ്ണ ഇടംപിടിച്ചതാണ്. ചേതേശ്വര്‍ പുജാര ഉള്‍പ്പടെ മറ്റ് പ്രമുഖതാരങ്ങളെല്ലാം തന്നെ ടീമിലിടം പിടിച്ചു. കെഎല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.

ഇന്ത്യന്‍ ടെസ്റ്റ് ടീം- രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.