അഭിമാന നിമിഷം; തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ആ നേട്ടത്തില്‍ ടീം ഇന്ത്യ

തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ടെസ്റ്റ് വാര്‍ഷിക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായി ടീം ഇന്ത്യ. 2017 മുതല്‍ 2021ലെ വാര്‍ഷിക റാങ്കിംഗ് പുറത്ത് വരുമ്പോഴും ഇന്ത്യയാണ് ടെസ്റ്റ് ഫോര്‍മാറ്റിലെ കരുത്തര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ടീം ആ സത്യം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു.

മുമ്പ് നാട്ടിലെ സ്പിന്‍ പിച്ചില് മാത്രമാണ് ഇന്ത്യ തങ്ങളുടെ കരുത്ത് കാട്ടിയതെങ്കില്‍ ഇപ്പോള്‍ വിദേശ പിച്ചുകളില്‍ ചെന്ന് എതിരാളികളെ കീഴടക്കി പരമ്പര സ്വന്തമാക്കുവാനും ടീമിന് സാധിക്കുന്നുണ്ട്. ഇന്ത്യന്‍ യുവനിര ഓസ്‌ട്രേലിയയില്‍ ചെന്ന് ടെസ്റ്റ് പരമ്പര വിജയിച്ചത് ഇതിന്റെ വലിയ ഉദാഹരണം ആണ്.

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടുകയും ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ കീഴടക്കാനുമായാല്‍ ഇന്ത്യ കൂടുതല്‍ അജയ്യരാകും.ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇതിനു ശേഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സെപ്റ്റംബര്‍ പകുതിയോടെയാണ് അവസാനിക്കുക.