അകകണ്ണിന്റെ വെളിച്ചത്തില്‍ പാകിസ്താന്‍ തകര്‍ന്നടിഞ്ഞു; ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം

കാഴ്ചപരിമിതരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ പാകിസ്ഥാനെ രണ്ടു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 309 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. 2014 ല്‍ നടന്ന കാഴ്ചപരിമിതര്‍ക്കുള്ള ലോകകപ്പ് കിരീടം ഇന്ത്യ നേടിയത് പാകിസ്ഥാനെ തകര്‍ത്തായിരുന്നു. ഇത്തവണയും ഇത് ആവര്‍ത്തിച്ചു.

ആവേശകരമായ മത്സരത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കേയായിരുന്നു ഇന്ത്യയുടെ വിജയം. സുനില്‍ രമേശ് (93), ക്യാപ്റ്റന്‍ അജയ് റെഡ്ഡി (63) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയ്ക്ക് തുണയായത്.

സെമിഫൈനലില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ പാകിസ്താനുമായുള്ള മത്സരത്തിന് കളമൊരുക്കിയത്. സെമിയില്‍ ലങ്കയ്ക്കെതിരെ 156 റണ്‍സിനായിരുന്നു പാകിസ്താന്റെ വിജയം. നേരത്തെ ഗ്രൂപ്പ മത്സരത്തില്‍ ഇന്ത്യ, പാകിസ്താനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.