ഇന്ത്യയോ ഇംഗ്ലണ്ടോ ?, വിജയി ആരെന്ന് പറഞ്ഞ് വി.വി.എസ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുന്നതാണ് നീതിയെന്ന് മുന്‍ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍. ഐസിസി അങ്ങനെയൊരു തീരുമാനം എടുക്കുമെന്നും ലക്ഷ്മണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ താരങ്ങളുടെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ മാഞ്ചസ്റ്ററില്‍ കളിക്കാന്‍ ഇറങ്ങുന്നത് അനുയോജ്യമായിരുന്നില്ല. സഹതാരങ്ങളിലും എതിരാളികളിലും ഒഫീഷ്യലുകളിലും രോഗ സാദ്ധ്യതയ്ക്കുള്ള അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നത് നല്ലതല്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ടെസ്റ്റ് ഉപേക്ഷിച്ച് ഇന്ത്യയെ പരമ്പര വിജയിയായി ഐസിസി പ്രഖ്യാപിക്കുന്നതാണ് ശരിയായ തീരുമാനം. പ്രത്യേകിച്ച് അടുത്ത വര്‍ഷം ഇംഗ്ലണ്ടിന് പര്യടനത്തില്‍ ഒരു ടെസ്റ്റ് കളിക്കാമെന്ന് ഇന്ത്യ സമ്മതിച്ച സാഹചര്യത്തില്‍- ലക്ഷ്മണ്‍ പറഞ്ഞു.

ഉജ്ജ്വലമായൊരു പരമ്പരയുടെ ആകസ്മികവും നിരാശപ്പെടുത്തുന്നതുമായ അന്ത്യമായിരുന്നത്. അതിന് ആരെയെങ്കിലും കുറ്റപ്പെടുത്തുന്നത് ശരിയല്ല. കോവിഡ് വ്യാപിച്ചിട്ട് ഒന്നര വര്‍ഷത്തിലേറെയായി. ലോകം ഇതുവരെ സുരക്ഷിത സ്ഥാനത്ത് എത്തിയിട്ടില്ല. കോവിഡ് പോസിറ്റീവായ ആരോടെങ്കിലും അടുത്തിടപഴകിയാല്‍ ആശങ്കയും ഭയവും ഇല്ലാതിരിക്കാനാവില്ല. അതിനാല്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു.