ലോകോത്തര താരങ്ങളുള്ള ഇന്ത്യ 65 റണ്‍സിന് ആറു വിക്കറ്റ് നഷ്ടമായി തകര്‍ന്നു ; നാണം കെടാതെ രക്ഷിച്ചത് ഹര്‍ഭജന്റെ ലോക റെക്കോഡ്

നാട്ടിലും വിദേശത്തും ഇന്ത്യയുടെ ടെസ്റ്റ് മാച്ചുകളില്‍ സ്പിന്നറായി അനേകം നിര്‍ണ്ണായക പ്രകടനം നടത്തിയിട്ടുള്ളയാളാണ് ഹര്‍ഭജന്‍ സിംഗ്. എന്നാല്‍ ലോകോത്തരമായ അനേകം താരങ്ങളുള്ള ഇന്ത്യന്‍ ടീമിനെ ബാറ്റിംഗിലൂടെ ലോകറെക്കോഡ് ഇട്ട് രക്ഷപ്പെടുത്തിയ ചരിത്രവും ഇന്ത്യന്‍ സ്്പിന്നര്‍ക്കുണ്ട്. ന്യൂസിലന്റിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികള്‍ നേടിയാണ് ഭാജി ചരിത്രമെഴുതിയത്.

ടെസ്റ്റില്‍ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയായിരുന്നു തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകളില്‍ ഹര്‍ഭജന്‍ സെഞ്ച്വറികളടിച്ചത്. ഈ റെക്കോഡ് ഇപ്പോഴും തകര്‍ക്കപ്പെടാതെ ബാക്കി നില്‍ക്കുകയാണ്. 2010 നവംബറില്‍ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റുകളിലായിരുന്നു ഹര്‍ഭജന്റെ ബാറ്റിംഗ് മികവ് കണ്ടത്. അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ആറു വിക്കറ്റിന് 65 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നപ്പോഴായിരുന്നു ഹര്‍ഭജന്റെ വിസ്മയിപ്പിച്ച ഇന്നിംഗ്‌സ്. കിവീസിന്റെ മികച്ച ബൗളിംഗ് നിരയ്ക്ക് എതിരേ ഹര്‍ഭജന്‍ നേടിയ 115 റണ്‍സ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്നുമായിരുന്നു രക്ഷിച്ചത്. 91 റണ്‍സ് എടുത്ത വിവിഎസ് ലക്ഷ്മണുമായി ഉണ്ടാക്കിയ മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യന്‍ സ്‌കോര്‍ 266 ല്‍ എത്തിക്കാന്‍ താരത്തിനായി. 193 പന്തില്‍ മൂന്ന് സിക്‌സറും 11 ബൗണ്ടറികളും താരം പറത്തി.

ഹര്‍ഭജന്‍ ഹൈദരാബാദില്‍ നടന്ന രണ്ടാം ടെസ്റ്റിലും തകര്‍ത്തുവാരി. ഈ മത്സരത്തില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിലാണ് ഹര്‍ഭജന്‍ വിസ്്മയിപ്പിച്ചത്. പുറത്താകാതെ അദ്ദേഹം 111 റണ്‍സെടുത്തു. 116 ബോളുകളില്‍ ഏഴു ഫോറുകളും ഏഴു സിക്്സറും പറത്തിയത്. ഈ മത്സത്തില്‍ സെവാഗ് 96 റണ്‍സും വിവിഎസ് ലക്ഷ്മണ്‍ 74 റണ്‍സും ഗൗതം ഗംഭീര്‍ 54 റണ്‍സും നേടി. ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്സില്‍ അടിച്ചത് 350 റണ്‍സായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചത് 472 റണ്‍സിലും. ആദ്യ ടെസ്റ്റ് സമനിലയിലാക്കാന്‍ നിര്‍ണ്ണായക പങ്കു വഹിച്ച താരം രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നിര്‍ണ്ണായക പങ്കു വഹിച്ചു.