ദീപാവലിക്ക് ഇന്ത്യ പടക്കം പൊട്ടിക്കുന്നു, പാകിസ്ഥാനില്‍ ടിവി പൊട്ടിക്കുന്നു; പരിഹസിച്ച് സെവാഗ്

പതിവ് കാഴ്ച വലിയ അത്ഭുതങ്ങള്‍ ഒന്നും തോന്നുന്നില്ല, പാകിസ്ഥാന്‍ നഗരത്തിലൂടെയും ഗ്രാമ പ്രദേശങ്ങളിലൂടെയും നടക്കുന്നവര്‍ പൊട്ടിച്ചിതറിയ ടിവിയുടെ കഷണങ്ങളും ചില്ലുകളും കാണുമ്പോള്‍ ഇങ്ങനെ വിചാരിച്ചാലും തെറ്റില്ല. ഇന്ത്യയുമായി നടന്ന ഏതൊരു മത്സരത്തിലും പാകിസ്ഥാന്‍ പരാജയപ്പെട്ടാലും ഇതൊരു പതിവ് കാഴ്ചയാണ്. ഞായറാഴ്ചയും ഇത്തരത്തില്‍ പാകിസ്ഥാനില്‍ പൊട്ടിയ ടിവികള്‍ക്ക് കൈയും കണക്കുമില്ല. അതിനെ പരിഹസിച്ച് ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്.

‘അയല്‍ക്കാരെ വിശ്രമിക്കു. ഇതൊരു കളി മാത്രമാണ്. ഞങ്ങള്‍ ഇവിടെ ദീപാവലി ആഘോഷിക്കുകയാണ്. അതുകൊണ്ടു ഞങ്ങള്‍ പടക്കം പൊട്ടിക്കുന്നു. പക്ഷേ നിങ്ങള്‍ ഒരു കാരണവുമില്ലാതെ ടിവി അടിച്ചുപൊട്ടിക്കുന്നു. ടെലിവിഷന്‍ എന്തു പിഴച്ചു’ എന്നായിരുന്നു സെവാഗ് ട്വിറ്ററില്‍ കുറിച്ചത്.

ഇന്ത്യന്‍ വിജയത്തില്‍ കലി പൂണ്ട് ടെലിവിഷന്‍ ചവിട്ടി പൊട്ടിക്കുന്ന പാകിസ്ഥാന്‍ ആരാധകന്റെ വീഡിയോ സഹിതമായിരുന്നു സെവാഗിന്‍രെ ട്വീറ്റ്. സോഫയിലിരുന്ന് ടെലിവിഷനില്‍ മത്സരം കണ്ട ആരാധകന്‍ അശ്വിന്‍ സിംഗിള്‍ എടുത്തതിന് പിന്നാലെ മുന്നിലിരുന്ന ടേബിളില്‍ വച്ച ലാപ് ടോപ് ആദ്യം ടെലിവിഷനിലേക്ക് എറിയുന്നു. പിന്നാലെ ടെലിവിഷനില്‍ ചവിട്ടുന്നു. അതുകൊണ്ടും അരിശം തീരാതെ സ്റ്റാന്‍ഡില്‍ നിന്ന് ടിവി താഴേക്ക് മറിച്ചിട്ട് ചവിട്ടികൂട്ടുന്നതാണ് വീഡിയോ.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടി20 ലോകകപ്പിലെ ഗ്രൂപ്പ് 2, സൂപ്പര്‍ 12 മത്സരത്തില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുടെയും ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പമുള്ള സെഞ്ച്വറി കൂട്ടുകെട്ടിന്റെയും ബലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം അവസാന ബോളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 53 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 82 റണ്‍സ് നേടി പുറത്താകാതെനിന്ന കോഹ്ലിയാണ് കളിയിലെ താരം.